വേനൽ കടുത്തു, വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്; ജീവൻ കയ്യിൽപ്പിടിച്ച് വയനാട്ടുകാർ
Mail This Article
മാനന്തവാടി∙ വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക്. കർണാടകയിലെയും തമിഴ്നാട്ടിലെയും കാടുകൾ വരണ്ടുണങ്ങിയതോടെയാണ് അവിടെ നിന്നുള്ള വന്യമൃഗങ്ങൾ കൂടുതലായി വയനാടൻ കാടുകളിലേക്ക് എത്തിയത്. വയനാട്ടിലെ കാടുകളിലും വേനൽ കടുത്തതോടെ ചെടികൾ വരണ്ടുണങ്ങി. ഇതോടെ വന്യമൃഗങ്ങൾ അടുത്ത കൃഷിയിടങ്ങളിലേക്കുള്ള യാത്രയിലാണ്.
മാനും പന്നിയും ആനയും ഉൾപ്പെടെയുള്ള ജീവികളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. കടുവയും പുലിയും എത്താൻ തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി. ആദ്യം എത്തിയ മാനിനെയും പന്നിയെയും നാട്ടുകാർ ഗൗരവത്തിലെടുത്തില്ല. ഇവയ്ക്ക് പിന്നാലെ ആനയും പുലിയും ഇറങ്ങി ജീവനു ഭീഷണി ആയതോടെയാണു നാട്ടുകാർ ഭീതിയിലായത്. വയനാട് ജില്ലയിലെ മിക്കവാറും സ്ഥലത്തെ അവസ്ഥ ഇങ്ങനെയാണ്.
Read more at: വന്യമൃഗആക്രമണം: വയനാട്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ കൊല്ലപ്പെട്ടത് 5 പേർ; കടുത്ത ആശങ്ക
കൃഷിയിടത്തിൽ പശുക്കൾക്കു നൽകാനായി ധാരാളം പുല്ല് നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൃഷി നനയ്ക്കുന്നതിനും മറ്റുമായി ചെറിയ കുളങ്ങളും നിർമിച്ചിട്ടുണ്ട്. ഇതാണ് കർഷകർക്കു പ്രധാന ഭീഷണിയാകുന്നത്. വരണ്ടുണങ്ങിയ കാട്ടിൽനിന്ന്, തീറ്റ സുലഭമായ ഗ്രാമങ്ങളോടു ചേർന്ന് വന്യമൃഗങ്ങൾ തമ്പടിച്ചിരിക്കുകയാണ്. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പറ്റാത്ത നിരവധി ഗ്രാമങ്ങളുണ്ട് വയനാട്ടിൽ. ആന വരുമെന്ന് പേടിച്ച് ചക്കയുൾപ്പെടെ കർഷകർ വെട്ടിനീക്കുകയാണ്. പലയിടത്തും ഇതിനകം തന്നെ നെൽകൃഷി ഉപേക്ഷിച്ചു.
ബാവലിയിലെ കർഷകനായ പുഷ്പരാജ് നാല് ഏക്കർ സ്ഥലം കൃഷി ചെയ്യാതെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ കോഴിഫാം നടത്തിയാണ് ഉപജീവനം. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ നാല് ഏക്കറിലും വിപുലമായി കൃഷി ചെയ്തിരുന്നു. എന്നാൽ വന്യമൃഗങ്ങൾ എല്ലാം നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷി നിർത്തി. വന്യമൃഗങ്ങൾക്കു തീറ്റയൊരുക്കാൻ ഇനിയും സാധിക്കില്ലെന്നാണ് പുഷ്പരാജ് പറയുന്നത്. വയനാട്ടിലെ ആയിരക്കണക്കിന് കർഷകരുടെ അവസ്ഥയാണിത്. വേനൽക്കാലം വർധിക്കുന്നതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.