ADVERTISEMENT

മാനന്തവാടി∙ വയനാട്ടിൽ ഒരു മാസത്തിനിടെ വന്യമൃഗങ്ങൾ മനുഷ്യനെ ആക്രമിക്കുകയോ, ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയോ ചെയ്യാതെ ഒറ്റ ദിവസം പോലും കടന്നുപോയിട്ടില്ല. വന്യമൃഗശല്യം രൂക്ഷമായതോടെ ഒറ്റയ്ക്കു പുറത്തിറങ്ങാൻ ആളുകൾ ഭയക്കുന്ന സ്ഥിതിവിശേഷം പല സ്ഥലത്തും ഉടലെടുത്തു. വയനാട്ടിൽ പ്രധാനപ്പെട്ട മൂന്നു സ്ഥലങ്ങളിൽ ജനം വലിയ പ്രതിഷേധത്തിലാണ്. പടമല, പുൽപ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിലാണു പ്രതിഷേധം നടക്കുന്നത്. രണ്ടു സ്ഥലത്ത് കടുവയെ പിടിക്കണമെന്നും ഒരു സ്ഥലത്ത് ആനയെ പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. 

Wild Animal Attack, Wayanad, Elephant Attack

ബാവലിയിലെ കാട്ടിൽ ചുറ്റിത്തിരിയുന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ പിടിക്കണമെന്നാവശ്യപ്പെട്ടാണു കാട്ടിക്കുളം, ബാവലി എന്നിവിടങ്ങളിൽ പ്രതിഷേധം. പടമലയിലെ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന ആനയാണ് ബാവലിയിലെത്തിയത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നാല് ദിവസമായി തുടരുകയാണ്. ഇതിനിടെ പടമലയിൽ ഇന്നു രാവിലെ കടുവ എത്തി. പള്ളിയിൽ പോകുകയായിരുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസമായി പടമലയിൽ മറ്റൊരു ആനയുടെ സാന്നിധ്യവുമുണ്ട്. ഗതികെട്ടതോടെ ഇന്നു രാവിലെ നാട്ടുകാർ റോഡ് ഉപരോധിച്ചു. 

പുൽപ്പള്ളിയിലും ഒരാഴ്ചയോളമായി സംഘർഷം നിലനിൽക്കുകയാണ്. ഇന്ന് രാവിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറെ നാട്ടുകാർ പൂട്ടിയിട്ടു. ബാവലിയിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 200 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പടമലയിലും പുൽപ്പള്ളിയിലും വലിയ പൊലീസ് സന്നാഹമുണ്ട്.  ഈ വർഷം 11 ദിവസത്തിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. പരുക്കേറ്റവർ വേറെയും.

ഈ വർഷം കൊല്ലപ്പെട്ടവർ

∙ജനുവരി 30: മാനന്തവാടി തോൽപ്പെട്ടിക്ക് സമീപം ലക്ഷ്മണനെ (55) കാട്ടാന ചവിട്ടിക്കൊന്നു. തോട്ടം കാവൽക്കാരനായിരുന്ന ഇയാളെ കാപ്പിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാഹചര്യത്തെളിവുകൾ വച്ച് ആന ചവിട്ടിക്കൊന്നതാണെന്നു വ്യക്തമായിട്ടും അംഗീകരിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. അതിനാൽ നഷ്ടപരിഹാരവും ലഭിച്ചില്ല. 

∙ഫെബ്രുവരി 10: പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നു. ആന ചവിട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു.

wildweb

ഈ വർഷം സാരമായി പരുക്കേറ്റവർ

∙ജനുവരി 28: പുൽപ്പള്ളി കാരേരിക്കുന്നിൽ കൂട്ടുകാർക്കൊപ്പം നടന്നുവരുമ്പോൾ ആദിവാസി ബാലനെ രാത്രി എട്ട് മണിയോടെ കാട്ടാന എടുത്തെറിഞ്ഞു. ഹൈസ്കൂൾ വിദ്യാർഥിയായ ശരത്തിനെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

∙ജനുവരി 29: ചേകാടി വനപാതയിൽ കാട്ടാന ആക്രമണത്തിൽ കാർ യാത്രക്കാരായ ഷെൽജൻ, ജ്യോതി പ്രസാദ് എന്നിവർക്ക് പരുക്ക്. വനത്തിൽനിന്ന് റോഡിലേക്കു പാഞ്ഞെത്തിയ കാട്ടാന വാഹനം കുത്തി മറിച്ചു.

∙ഫെബ്രുവരി 6: ഇരുളം മിച്ചഭൂമിയിൽ മലയണ്ണാൻ മൂന്നു പേരുടെ മുഖവും കഴുത്തും മാന്തിക്കീറി.  

∙ഫെബ്രുവരി 7: പുൽപ്പള്ളി–പയ്യമ്പള്ളി റോട്ടിൽ കാട്ടുപന്നിയിടിച്ച് പാക്കം മാണ്ടാനത്ത് ബിനോയ്ക്ക് (44) പരുക്കേറ്റു. രാവിെല ഏഴരയോടെയാണ് അപകടമുണ്ടായത്. ആലൂർക്കുന്നിൽ വച്ച് പന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. 

∙ഫെബ്രുവരി 9: മാനന്തവാടി തോൽപ്പെട്ടിയിൽ വനംവാച്ചറും സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിട്ടദാസിനെ(50) കടുവ ആക്രമിച്ചു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തത്. കഴിഞ്ഞ ദിവസമാണ്. 

5 മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് പേർ

അഞ്ചുമാസത്തിനിടെ വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേരാണ്. ഓരോ മാസവും ഓരോ ആൾ കൊല്ലപ്പെടുന്ന സാഹചര്യം.

∙2023 ഒക്ടോബർ 23: പുൽപള്ളി പള്ളിച്ചിറ കോളനിയിലെ ആനപ്പാറ കുള്ളൻ (65) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

∙2023 ഡിസംബർ 6: ഇതേ കോളനിയിലെ പള്ളിച്ചിറ ബോളൻ (75) കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടു.

∙2023 ഡിസംബർ 8: ബത്തേരി കൂടല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ പ്രതീഷ് (37) കൊല്ലപ്പെട്ടു. 

∙2024 ജനുവരി 30: തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ലക്ഷ്മൺ (55) കൊല്ലപ്പെട്ടു. 

∙2024 ഫെബ്രുവരി 10: പനച്ചിയിൽ അജിഷിനെ (47) റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചവിട്ടിക്കൊന്നു. 

ഇതു കൂടാതെ വന്യമൃഗങ്ങളുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ നിരവധിയാണ്. ഇന്ന് രാവിലെയും പടമലയിൽ രണ്ടുപേർ ഭാഗ്യം കൊണ്ടു മാത്രമാണ് കടുവയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്. ഇത്തരം പല സംഭവങ്ങളും പുറത്തുവരാറുമില്ല. വന്യമൃഗ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക്, തെളിവില്ലെന്നു പറഞ്ഞ് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യമാണ്. വയനാട്ടിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. വനം ഇല്ലാത്ത പഞ്ചായത്തിൽ പോലും വന്യമൃഗങ്ങൾ എത്തി. കൃഷി നശിപ്പിച്ചതിന് കൃത്യമായ കണക്കില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവിധ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങാമെന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകാറില്ല. അതിനാൽ ഭൂരിഭാഗം പേരും നഷ്പരിഹാരത്തിന് അപേക്ഷിക്കാറില്ല. ആയിരക്കണക്കിന് ഹെക്ടർ കൃഷി സ്ഥലമാണ് വെറുതെ ഇട്ടിരിക്കുന്നത്.  

English Summary:

Wild animals attack in Wayanad increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com