ADVERTISEMENT

മാനന്തവാടി∙ ‘കടുവ എത്തിയതു വലിയ അലർച്ചയോടെ’ എന്ന് പടമലയിൽ  ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ലിസി ജോസഫ്. രാവിലെ പള്ളിയിൽ പോകുകയായിരുന്ന വെണ്ണമറ്റത്തിൽ ലിസിയെയാണു കടുവ ഓടിച്ചത്. ലിസി ഓടി സമീപവാസിയായ ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. പടമല പള്ളിക്കു സമീപമാണു റോഡ് ഉപരോധിച്ചത്. 

‘‘ആറരയായപ്പോൾ പള്ളിയിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു. അപ്പോൾ ഞങ്ങളുടെ പറമ്പിൽനിന്നു വലിയ അലറൽ കേട്ടു. ആനയുടെ ഭയമുള്ളതു കൊണ്ടു ശ്രദ്ധിച്ചാണു പോയത്. രണ്ട് അലറൽ കേട്ടു. തൊട്ടടുത്ത ചേട്ടനെ വിളിച്ചു. ആനയാണെന്നു കരുതിയാണു വിളിച്ചത്. അപ്പോഴേക്കും കടുവ ഇരച്ചുകുത്തിയെത്തി’’–ലിസി പറഞ്ഞു. കടുവയുടെ ആക്രമണത്തിൽനിന്നു ലിസി  കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നു പ്രദേശവാസിയായ ഐക്കരാട്ട് സാബു പറഞ്ഞു. വയനാട് പടമലയിൽ കാട്ടാന ആളെ ചവിട്ടിക്കൊന്ന അജീഷിന്റെ വീടിനടുത്താണു ഇന്നു കടുവയെ കണ്ടത്.

പടമലയിൽ കടുവയെ കണ്ടെത്തിയതിനു പിന്നാലെ വനപാലകർ പരിശോധന നടത്തുന്നു
പടമലയിൽ കടുവയെ കണ്ടെത്തിയതിനു പിന്നാലെ വനപാലകർ പരിശോധന നടത്തുന്നു

കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണു ഭീതി പരത്തി പടമലയിൽ കടുവ എത്തിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പകലും രാത്രിയിലും പട്രോളിങ്ങിന് ജീവനക്കാരെ നിയോഗിക്കുമെന്ന് റേയ്ഞ്ച് ഓഫിസർ കെ. രാകേഷ് പറഞ്ഞു. എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പടമലയിൽ വനപാലകർ പരിശോധന നടത്തുന്നു
പടമലയിൽ വനപാലകർ പരിശോധന നടത്തുന്നു

പുലർച്ചെ പാൽ കൊടുക്കാനോ, റബർ വെട്ടാനോ, പള്ളിയിൽ പോകാനോ സാധിക്കുന്നില്ല. കഴിഞ്ഞ രാത്രിയും ആനയിറങ്ങി തെങ്ങ് ഉൾപ്പെടെ കൃഷി നശിപ്പിച്ചു. സോളർ ഫെൻസിങ് ഉപയോഗശൂന്യമാണ്. പകൽ സമയത്തുപോലും ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി രാത്രിയിലും പകലും വനംവകുപ്പ് ഉദ്യോഗസ്ഥരെ പടമലയിൽ നിയോഗിക്കുമെന്നു വനംവകുപ്പ് അറിയിച്ചു. 

പടമലയിൽ വനപാലകർ പരിശോധന നടത്തുന്നു
പടമലയിൽ വനപാലകർ പരിശോധന നടത്തുന്നു

അതേസമയം ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ കർണാടക വനത്തിലേക്കു കടക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് തിരികെ ബാവലിയിലേക്കു തന്നെ വരികയായിരുന്നു. നിലവിൽ ബാവലി റേഞ്ച് ഓഫിസിന് പിറകിലായാണ് ആന നിൽക്കുന്നതെന്നാണു വിവരം.  

English Summary:

Woman explain how she escaped from tiger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com