ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും വഴിയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുക്കലാണെന്നും അതു സർക്കാരിന്റെ ബാധ്യത കൂട്ടുന്നതായും സിഎജി. കിഫ്ബി വായ്പകൾ സർക്കാരിന്റെ ബജറ്റ്–ഓഫ് ബജറ്റ് കടമെടുക്കൽ അല്ലെന്നും അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ഏജൻസി പ്രവർത്തനത്തിന്റെ ഭാഗമായാണു കടമെടുപ്പ് നടത്തുന്നതെന്നുമായിരുന്നു സർക്കാര്‍ വിശദീകരണം. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാലും സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യത തീർക്കുന്നതിനാലും സർക്കാരിന്റെ വിശദീകരണം സ്വീകാര്യമല്ലെന്നു നിയമസഭയിൽ സമർപിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു.

Read Also: ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം, റദ്ദാക്കണം എന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി

സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ബജറ്റിനു പുറത്ത് വായ്പയെടുക്കുന്നു. കിഫ്ബിയുടെയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെയും ബജറ്റിനു പുറത്തുള്ള കടംവാങ്ങൽ ബജറ്റിൽ വെളിപ്പെടുത്തിയിട്ടില്ല. കിഫ്ബി കടം വാങ്ങിയ തുകയുടെ കുടിശിക 13,066 കോടിരൂപയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റേത് 11,206 കോടിരൂപയുമാണ്. ഇവർ എടുക്കുന്ന വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന  സർക്കാരിന്റെ നേരിട്ടുള്ള വായ്പകളായതിനാൽ അവ സംസ്ഥാനത്തിന്റെ ബജറ്റിനു പുറത്തുള്ള വായ്പകളാണ്. സംസ്ഥാന സർക്കാർ പെട്രോളിയം സെസും 50% മോട്ടർ വാഹന നികുതിയും കിഫ്ബിയുടെ തിരിച്ചടവിനായി നീക്കിവച്ചിട്ടുണ്ട്. വിവിധ സ്രോതസുകളിൽനിന്നായി കിഫ്ബി 7762.78 കോടിരൂപയുടെ വായ്പയെടുത്തതതായും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന് കിഫ്ബിയുടെ കടമെടുക്കൽ ബാധ്യതകളുമായി ബന്ധപ്പെട്ട് ബാധ്യതയില്ലെന്ന സർക്കാർ വാദം സ്വീകാര്യമല്ലെന്നും സിഎജി പറയുന്നു.

സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെ ലക്ഷ്യങ്ങളൊന്നും നേടാൻ സർക്കാരിനായില്ല. മൊത്തം കടത്തിന്റെ ജിഎസ്ഡിപിയുമായുള്ള ശതമാനം കൂടി. ജിഎസ്ടി നഷ്ടപരിഹാരത്തിന് കിട്ടിയ ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ല. 2017-2018 ലെ 55.96% നികുതി വരുമാനം 2021-22 ൽ 50.02 ശതമാനമായി കുറഞ്ഞു. ഇതിനു കാരണം കോവിഡ് കാലത്തെ ശോചനീയമായ നികുതി പിരിവായിരുന്നു. റവന്യു വരുമാനത്തിന്റെ 19.98% പലിശയ്ക്കായി വിനിയോഗിച്ചു. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ താമസ സ്ഥലങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്ക് പതിച്ചു നൽകാവുന്ന ഭൂമിയുടെ പരിധി 1995ലെ മുനിസിപ്പാലിറ്റി കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നൽകൽ ചട്ടങ്ങളിൽ പരാമർശിച്ചിട്ടില്ലാത്തതിനാൽ പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചു നൽകുന്നതിന് ഇടയാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്തവർക്കും ഭൂമി പതിച്ചു നൽകി. വിപണിവില ഈടാക്കാതെ വിവിധ ഏജൻസികൾക്ക് പതിച്ചു നൽകി. അത്തരം ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

English Summary:

CAG report against KIIFB loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com