ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷനൽ കോൺഫറൻസ്; ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടി
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലും ഇന്ത്യ മുന്നണിക്ക് തിരിച്ചടി. കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് നാഷനൽ കോണ്‍ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല അറിയിച്ചു. ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനം വൈകുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ സ്വന്തം ശക്തിയിൽ മത്സരിക്കുമെന്ന് ഫാറൂഖ് പ്രഖ്യാപിച്ചത്.
Read also: ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം, റദ്ദാക്കണം എന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി
‘‘ഇക്കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇനി ഇതേക്കുറിച്ച് കൂടുതൽ ചോദ്യങ്ങളും വേണ്ട’’– എന്നാണ് ഫാറൂഖ് പറഞ്ഞത്. മൂന്നു തവണ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് ഇന്ത്യ മുന്നണിയിലെ പ്രധാനിയും പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും സജീവമായിരുന്ന ആളുമാണ്. എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ച് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കടന്നതെന്ന് ഫാറൂഖ് വെളിപ്പെടുത്തിയില്ല. സഖ്യത്തെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളെ കുറിച്ച് ഫാറൂഖ് കഴിഞ്ഞ മാസം ആശങ്ക അറിയിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി കപിൽ സിബലിന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവേ സീറ്റ് വിഭജനത്തിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകണമെന്ന് പറഞ്ഞിരുന്നു. രാജ്യത്തെ സംരക്ഷിക്കണമെങ്കിൽ വ്യത്യാസങ്ങളെല്ലാം മറന്ന് രാജ്യത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യ മുന്നണിയിൽ ഉൾപ്പെട്ട മൂന്നാമത്തെ പാർട്ടിയാണ് നാഷനൽ കോൺഫറൻസ്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ബംഗാളിൽ ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഭഗമവന്ത് മാനും അറിയിച്ചു.