അറസ്റ്റിലായ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ കുരുക്കിയത് ഹണിട്രാപ്പ്; ‘പൂജ’യ്ക്കു പിന്നിൽ ഐഎസ്ഐ
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ മോസ്കോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ കുരുക്കിയത് ഹണിട്രാപ്പ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി ഒരുക്കിയ ഹണിട്രാപ്പിൽ പെട്ടാണ് ഇയാൾ നിർണായകമായ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇക്കാര്യം കണ്ടെത്തിയത്. ഫെബ്രുവരി 16 വരെ ഇയാൾ എടിഎസ് കസ്റ്റഡിയിലാണ്.
സത്യേന്ദ്ര സിവാൽ എന്ന ഉദ്യോഗസ്ഥനെ മീററ്റിൽ വച്ചാണ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്തത്. യുപിയിലെ ഹാപുർ സ്വദേശിയായ സിവാൽ ചാരവൃത്തി നടത്തിയെന്നതു നിരീക്ഷണത്തിലൂടെ തെളിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണു സിവാൽ ജോലി ചെയ്തിരുന്നത്.
‘പൂജ മെഹ്റ എന്ന പേരിലുള്ള യുവതിയുമായി കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമത്തിലൂടെ ഇയാൾ അടുപ്പത്തിലായത്. ഈ യുവതി സിവാലിനെ ഹണിട്രാപ്പിൽ അകപ്പെടുത്തുകയും നിർണായകമായ വിവരങ്ങൾ ചോർത്തി നൽകാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് പ്രതിഫലമായി പണവും വാഗ്ദാനം ചെയ്തിരുന്നു’ – എടിഎസ് ഇൻസ്പെക്ടർ രാജീവ് ത്യാഗി വെളിപ്പെടുത്തി.
‘‘ഈ സ്ത്രീയുമായി പങ്കുവച്ച എല്ലാ വിവരങ്ങളും തന്റെ ഫോണിലുണ്ടെന്നാണ് സിവാൽ അവകാശപ്പെടുന്നത്. സിവാലിന്റെ ഫോൺ ഉൾപ്പെടെ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.’’ – ത്യാഗി പറഞ്ഞു. അതേസമയം, ഈ യുവതിയുടെ പേരിലുള്ള അക്കൗണ്ട് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയാണ് കൈകാര്യം ചെയ്തിരുന്നത് എന്നും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി.