ബേലൂർ മഖ്ന വനത്തിനുള്ളിലേക്ക് നീങ്ങുന്നു: തിരുനെല്ലി പഞ്ചായത്തിൽ നിരോധനാജ്ഞ; പ്രക്ഷോഭം തുടരുന്നു
Mail This Article
മാനന്തവാടി∙ ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും ഏറെ ദുഷ്കരമാകുന്നു. കാട്ടിക്കുളം മാനിവയലിലാണ് ആനയുള്ളത്. രാത്രിയിൽ ആന റോഡ് മുറിച്ചു കടന്നാണ് ആറ് കിലോമീറ്ററോളം സഞ്ചരിച്ച് മാനിവയലിൽ എത്തിയത്. രാത്രി മുഴുവനും ആനയുടെ പുറകെ വനപാലകരുണ്ടായിരുന്നു. രാത്രിയിൽ തന്നെ വനപാലകർ മാനിവയലിലെ ആളുകൾക്ക് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിരുന്നു. രാവിലെയും മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ കുതിരക്കോട്, ആലത്തൂർ, ബേഗൂർ, ചേലൂർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Read Also: ബേലൂര്‍ മഖ്നയ്ക്കു ‘സുരക്ഷ’യൊരുക്കി മോഴയാന, ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു– വിഡിയോ
മാനിവയലിലെ വനത്തിലെ കുന്നിൻ മുകളിലാണ് ആന ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത്. അടിക്കാടുകൾ നിറഞ്ഞതും കുത്തനെയുള്ളതുമായ സ്ഥലമായതിനാൽ ഇവിടെ വച്ച് ആനയെ മയക്കുവെടി വയ്ക്കുക ദുഷ്കരമാകുമെന്നാണ് നാട്ടുകാർ പറഞ്ഞു. ബേലൂർ മഖ്നയ്ക്കൊപ്പം ഇന്നലെ മറ്റൊരു മോഴയാനയുമുണ്ടായിരുന്നു. വെടിവയ്ക്കാൻ പോയ സംഘത്തിനു ബേലൂർ മഖ്നയ്ക്കൊപ്പമുണ്ടായിരുന്ന മോഴയാന പാഞ്ഞടുത്തിരുന്നു. വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്. രണ്ട് ആനകളും ഒരുമിച്ചുള്ളതാണ് ദൗത്യം ദുഷ്കരമാക്കുന്നത്. ബേലൂർ മഖ്നയ്ക്കു മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യസംഘത്തിനു നേരെ തിരിയാം. മഖ്ന പലപ്പോഴും മുൾക്കാടുകൾക്കുള്ളിലാണെന്നതും പ്രശ്നമാണ്. മുൻപ്, കർണാടക സംഘം 12 ദിവസം ശ്രമിച്ചശേഷമാണ് ഇതിനെ മയക്കുവെടി വയ്ക്കാനായത്. ദൗത്യസംഘം 2 തവണ പുലിയുടെ മുന്നിൽപെടുകയും ചെയ്തിരുന്നു.
വന്യമൃഗ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. സിപിഐ കിസാൻ സഭ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാട്ടിലിറങ്ങി അക്രമം കാണിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുക, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വന്യജീവി ആക്രമണത്തിനെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.