‘കൊച്ചി പഴയ കൊച്ചിയല്ല’: സിനിമ നിർമാതാവിനെ വെടിവച്ചു കൊന്നിട്ട് 42 വർഷം; ഗുണ്ടകൾക്ക് ഇഷ്ടംപോലെ തോക്കുകൾ
Mail This Article
‘‘കൊച്ചിയിൽ എവിടെയും പലതരം ലഹരിമരുന്നുകൾ ലഭ്യമാണ്. ലഹരിമരുന്ന് ഉള്ളിടത്തേക്ക് മറ്റു കുറ്റകൃത്യങ്ങളും താനേ വരും. തോക്കും അതിന്റെ ഭാഗമായി വന്നതാണ്’’, കൊച്ചിയിൽ അടുത്തിടെ ബാറിൽ നടന്ന വെടിവയ്പിനെ കുറിച്ച് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത് ഇങ്ങനെ. കത്രിക്കടവ് ഇടശേരി ബാറിനു മുമ്പിൽ നടന്ന വെടിവയ്പിൽ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റൾ. മൂന്നു പേർ അറസ്റ്റിലായെങ്കിലും വെടിയുതിർത്ത വിനീത് പിടിയിലായെങ്കിൽ മാത്രമേ തോക്കിന്റെ ഉറവിടം അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കുപ്രസിദ്ധ ഗുണ്ട ഭായി നസീറിന്റെ സംഘാംഗമാണ് വിനീത്.
Read also: സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയതിന്റെ വൈരാഗ്യം; ചായക്കടക്കാരന്റെ മർദ്ദനമേറ്റയാൾ മരിച്ചു
വെടിവയ്പിനു പിന്നാലെ, പൊലീസിൽത്തന്നെ പലരും കരുതിയത് എയർ ഗണ്ണായിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക എന്നാണ്. പിന്നീട് തിരയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പിസ്റ്റളാണെന്നു തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ ഇഷ്ടപ്പെട്ട തോക്ക് പിസ്റ്റളാണ്. കൊച്ചിയിൽ മിക്ക ഗുണ്ടാ സംഘങ്ങളുടെയും കയ്യിൽ തോക്കുണ്ട് എന്നാണ് വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. അവയെല്ലാം കള്ളത്തോക്കാണ്. അത് ഇപ്പോൾ തുടങ്ങിയതല്ലെന്നും കുറേക്കാലമായി കൊച്ചിയിലേക്കു വലിയ തോതിൽ തോക്കുകളെത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘‘പലപ്പോഴും ഇത്തരം ആയുധങ്ങളെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്. അതും വളരെക്കാലം മുമ്പു തന്നെ. ഈ തോക്കുകള്‍ ഉപയോഗിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങളായിരുന്നു ഇതിനു പിന്നിൽ. അന്നത് അധികം വാർത്തയായിരുന്നില്ല എന്നേയുള്ളൂ’’ – അദ്ദേഹം പറയുന്നു.
തോക്ക് ഉപയോഗിക്കുന്നത് ഫാഷനായിത്തുടങ്ങിയിരിക്കുന്നു എന്നാണ് മുന്‍ ഡിജിപി എം.ജി.എ.രാമൻ പ്രതികരിച്ചത്. ‘‘തോക്ക് ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് കുറ്റവാളികൾക്ക് തോന്നിത്തുടങ്ങിയതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. രാഷ്ട്രീയ ഇടപെടലും ഒരു കാരണമാണ്’’– അദ്ദേഹം പറഞ്ഞു.
ഹവാല ഇടപാടും ലഹരിമരുന്നും വ്യാപകമായതോടെയാണ് തോക്കുകളുടെ ഉപയോഗവും വർധിച്ചത് എന്നാണ് കുറ്റകൃത്യ വിശകലന വിദഗ്ധർ പറയുന്നത്. ഹവാല കടത്ത് വ്യാപകമായ സമയത്താണ് കള്ളത്തോക്കുകൾ കൊച്ചിയിലേക്ക് ഒഴുകിയത്. എന്നാൽ വെടിവയ്പ് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതേസമയം കുറ്റകൃത്യങ്ങളില്‍ തോക്കിന്റെ സാമീപ്യം തീരെ ഇല്ലാതിരുന്നുമില്ല. കൊച്ചി മരടില്‍ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ഇത്തരത്തിെലാന്നായിരുന്നു. വെടിവച്ച് ആളുകളെ കൊലപ്പെടുത്തുന്നതിനേക്കാൾ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നഗരത്തിൽ പെരുകി എന്ന് ഈ മേഖലയുമായി അടുപ്പമുള്ളവർ പറയുന്നു. ഹവാല കടത്തുകാരും ക്വട്ടേഷൻ ഗുണ്ടകളുമൊക്കെ ശക്തി പ്രകടിപ്പിക്കാനാണ് തോക്ക് കരുതുന്നതും ഇടയ്ക്ക് പ്രദർശിപ്പിക്കുന്നതും.
ഇത്രയധികം തോക്കുകൾ നഗരത്തിൽ ഉണ്ടാവുകയും പലപ്പോഴും കുറ്റകൃത്യത്തിൽ ഉള്‍പ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അത് കേസിന്റെ ഭാഗമായി ഉള്‍പ്പെടുത്താറില്ല. പലപ്പോഴും തോക്കുകൾ കണ്ടെത്താൻ കഴിയാതെ പോകുന്നതാണ് കാരണം. ചിറ്റൂർ ഇംതിയാസ് വധക്കേസിലും തോക്കുണ്ടായിരുന്നു. എങ്കിലും അതു കണ്ടെത്താനായില്ല. വലിയ വിവാദങ്ങൾ സൃഷ്ടിച്ച അബ്കാരി മിഥില മോഹന്റെ കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് ഇന്നും കണ്ടെത്താനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ കേസിൽ തോക്ക് മാത്രമല്ല, കേസന്വേഷണം പോലും എങ്ങുമെത്തിയിട്ടില്ല.
2006 ഏപ്രിലിൽ രാത്രി ഒൻപതു മണിക്കാണ് വീട്ടിലെത്തിയ രണ്ടു പേർ മിഥില മോഹനെ വെടിവച്ചു കൊന്നത്. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ വെടിശബ്ദം ആരും കേട്ടില്ല. വാടകക്കൊലയാളികളാണ് കൃത്യം നടത്തിയത് എന്നു മനസ്സിലായെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. മിഥില മോഹന്റെ മുന്‍ സഹായിയും പിന്നീട് എതിരാളിയുമായി മാറിയ തൃശൂർ സ്വദേശി കുരുമുളക് കണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് കുമാറാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലിസ് പറഞ്ഞത്. അറസ്റ്റിലായ സന്തോഷ് ഇപ്പോഴും ജാമ്യത്തിൽ തുടരുന്നു. വെടിവയ്ക്കാൻ ക്വട്ടേഷൻ എടുത്തതെന്ന് കരുതുന്ന തമിഴ്നാട് സ്വദേശി ഡിണ്ടിഗൽ പാണ്ടി ഇതിനിടെ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റും കൊല്ലപ്പെട്ടു. അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു.
കൊച്ചി ഒട്ടേറെ വെടിവയ്പ് സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിഹാർ ജയിലിലുള്ള തട്ടിപ്പുകാരൻ സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിനു നേരെയുണ്ടായ വെടിവയ്പ് അത്തരത്തിലൊന്നായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേർ വെടിവയ്ക്കുകയായിരുന്നു. അടുത്തിടെ പിടിയിലായ അധോലോക നേതാവ് രവി പൂജാരിയാണ് ഇതിനു പിന്നിലെന്ന വിവരം പിന്നീട് പുറത്തു വന്നു.
കൊച്ചി കുണ്ടന്നൂരിലെ ഒാജീസ് കാന്താരി ബാർ ഹോട്ടലിൽ രണ്ടു പേർ വെടിയുതിർത്ത സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. 2022 ഒക്ടോബറിലാണ് കൊല്ലം സ്വദേശി റോജനും അഭിഭാഷകന്‍ എന്നവകാശപ്പെട്ട സുഹൃത്ത് ഹാരോള്‍ഡും ബാറിലെത്തി മദ്യപിച്ചത്. റോജന് ഒരു കേസിൽ ജാമ്യം ലഭിച്ചതിന്റെ ആഘോഷമായിരുന്നു ഇത്. ഉച്ചയ്ക്ക് 2 മണിയോടെ തുടങ്ങിയ മദ്യപാനം 4 വരെ നീണ്ടു. തുടർന്ന് ഒന്നാം നിലയിലെ ബാറിൽ നിന്നിറങ്ങി മുകളിലെ നിലയിലേക്ക് വെടിവയ്ക്കുകയായിരുന്നു ഇവർ. ഹാരോള്‍ഡിന്റെയായിരുന്നു തോക്ക് എന്നും ലൈസൻസ് ഉള്ളതാണെന്നുമുള്ള വിവരങ്ങൾ പിന്നാലെ പുറത്തു വന്നു. എങ്കിലും യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചതിന്റെ കാരണങ്ങൾ ഇന്നും അജ്ഞാതം.
കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന വാഴക്കാലയിലെ ഫ്ലാറ്റ് പരിശോധിക്കാൻ പൊലീസ് എത്തിയപ്പോൾ ഉണ്ടായ വെടിവയ്പ് മറ്റൊന്നായിരുന്നു. നഗരത്തിൽ ലഹരി വ്യാപനം ശക്തമാകുന്നു എന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. അധികൃതർക്കെതിരെ വെടിയുതിർത്ത് ഇയാൾ കടന്നു. 2022 മേയില്‍ പാലാരിവട്ടത്ത് ‘റീല്‍സ്’ ഷൂട്ടിനിടെ എയർഗണ്ണില്‍ നിന്നുള്ള വെടിേയറ്റ് അഭിഭാഷകനു പരുക്കേറ്റു. സംഭവത്തിൽ കളമശേരി സ്വദേശി അർജുൻ, കറുകപ്പള്ളി സ്വദേശി ഉബൈസ് എന്നിവർ പിടിയിലായി. എറണാകുളത്ത് നിന്ന് 4500 രൂപയ്ക്ക് വാങ്ങിയ എയർഗണ്ണായിരുന്നു ഇത്.
പെരുമ്പാവൂർ അനസ് ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കള്‍ പലവട്ടം അറസ്റ്റിലായിട്ടുണ്ട്, ഇവർക്കെതിരെയുള്ള കേസുകളിൽ അനധികൃതമായി ആയുധം കൈവശം വയ്ക്കലും കള്ളത്തോക്കിന്റെ ഉപയോഗവും ഉൾപ്പെടുന്നു.
കൊച്ചിയിൽ തോക്ക് ഉപയോഗിച്ചുള്ള ആദ്യ കൊലപാതകം നടന്നിട്ട് ഇപ്പോൾ 42 കൊല്ലം പിന്നിട്ടിരിക്കുന്നു. 1981 ഒക്ടോബറിൽ സിനിമ നിർമാതാവും വ്യവസായിയുമായ മജീന്ദ്രൻ സ്വന്തം വസതിയിൽ വച്ച് വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. വാടകക്കൊലയാളിയായിരുന്നു അതിരാവിലെ വീട്ടിലെത്തി മജീന്ദ്രനെ വിളിച്ചുണർത്തി വെടിവച്ചത്. അന്വേഷണത്തിനൊടുവിൽ, വെടിവയ്ക്കാനുപയോഗിച്ച തോക്ക്, കൊലയാളി, അത് ആസൂത്രണം ചെയ്തയാൾ എന്നിവയെല്ലാം കണ്ടെത്തി. 32 കാലിബർ വിദേശ നിർമിത റിവോൾവർ ആയിരുന്നു ആയുധം. അതിന്റെ ലൈസൻസ് ഉണ്ടായിരുന്നത് മജീന്ദ്രന്റെ എതിരാളിയും ബിസിനസുകാരനുമായ സദാനന്ദന്റെ പേരിൽ. ഇരുവരുടെയും തലതൊട്ടപ്പനായി കരുതിയിരുന്ന വമ്പൻ ബിസിനസുകാരൻ രാമകൃഷ്ണന്റെ മരുമകനുമായിരുന്നു സദാനന്ദൻ. മജീന്ദ്രന് ബിസിനസിൽ മുടക്കാൻ രാമകൃഷ്ണൻ കൂടുതൽ പണം നൽകിയതും സദാനന്ദനെ കൊലയ്ക്ക് പ്രേരിപ്പിച്ചു എന്നും പറയപ്പെടുന്നു. വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടെങ്കിലും സദാനന്ദനെയും വെടിവച്ച രാജന്‍ എന്ന വാടകക്കൊലയാളിയെയും ഹൈക്കോടതി ശിക്ഷിച്ചു. എന്നാൽ 1999ൽ വിചാരണക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി ഇവരെ വെറുതെ വിട്ടു.