ബാങ്ക് അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും 115 കോടി നിലനിർത്തണം; വിശദീകരണവുമായി കോൺഗ്രസിന്റെ പുതിയ ട്വീറ്റ്
Mail This Article
ന്യൂഡൽഹി∙ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണെന്നു കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ. 115 കോടി അക്കൗണ്ടിൽ നിലനിർത്തണമെന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുമുകളിലുള്ള പണം ഉപയോഗിക്കാം. അതിനര്‍ഥം 115 കോടി മരവിപ്പിച്ചുവെന്നാണ്. കറന്റ് അക്കൗണ്ടിൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ തുകയാണിതെന്നും അജയ് മാക്കൻ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതു ജനാധിപത്യത്തെ മരവിപ്പിക്കുന്നതിനു തുല്യമാണെന്നു കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ ഇന്ന് രാവിലെയാണു ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചത്. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് ആരോപണം ഉന്നയിച്ച് ഒരു മണിക്കൂറിനു ശേഷം അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചു. ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കിയത്. ഇതിനുപിന്നാലെയാണ് അജയ് മാക്കൻ പുതിയ ട്വീറ്റുമായി രംഗത്തെത്തിയത്.