മണിപ്പുരിൽ പ്രതിഷേധക്കാർ കലക്ടറുടെ വസതിയിലേക്ക് ഇരച്ചുകയറി തീയിട്ടു; പൊലീസ് വെടിവയ്പ്പിൽ 2 മരണം
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ ആൾക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് അധികൃതർ പറയുന്നത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്.
Read also: തലസ്ഥാനത്തെ സമരനീക്കത്തിൽ ജയിക്കുന്നതെന്ത്? ഡൽഹി പൊലീസ് 30,000 കണ്ണീർവാതക ഷെല്ലുകൾ കൂടി വാങ്ങുന്നു
മിനി സെക്രട്ടേറിയെറ്റെന്ന് വിളിക്കുന്ന പ്രദേശത്തേക്ക് എത്തിയ ഒരുകൂട്ടം ആളുകൾ കലക്ടറുടെ വസതിക്കും അവിടെ പാർക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ടതായാണ് വിവരം. ആക്രമണത്തെ തുടർന്ന് അഞ്ചു ദിവസത്തേക്ക് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. സംഭവത്തെ കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺസ്റ്റബളിലെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ആൾക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നിൽ തടിച്ചു കൂടിയത്. ഗേറ്റിനു മുന്നിൽ തടഞ്ഞതിനാൽ തടിച്ചുകൂടിയവർ വസതിക്കു നേരെ കല്ലെറിയാൻ ആരംഭിച്ചു. 300–400 പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്ന വിഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ സമാന രീതിയിലുള്ള വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടും മെയ്തെയ് വിഭാഗത്തിലുള്ള പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ല എന്നാണ് ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചത്.