മാരിടൈം പട്രോളിങ് ശക്തമാക്കാന്‍ പ്രതിരോധ മന്ത്രാലയം; 15 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും
Mail This Article
ന്യൂഡൽഹി∙ മാരിടൈം പട്രോളിങ്ങിനു വേണ്ടി 15 വിമാനങ്ങൾ നിർമിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 9 വിമാനങ്ങൾ നാവികസേനയ്ക്കുവേണ്ടിയും 6 എണ്ണം ഇന്ത്യൻ കോസ്റ്റ്‌ഗാര്‍ഡിനു വേണ്ടിയുമാണു വാങ്ങുന്നത്. രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തദ്ദേശീയ പ്രതിരോധ ഉൽപാദന ശേഷി വർധിപ്പിക്കുക കൂടിയാണു ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ മേയ്ക് ഇൻ പദ്ധതി പ്രകാരമാണു വിമാനങ്ങളുടെ നിർമാണം. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ നേതൃത്വത്തിൽ പൂർണമായും ഇന്ത്യയിലാകും വിമാനങ്ങൾ നിർമിക്കുക.
29,000 കോടി രൂപയാണ് പദ്ധതിക്കു ചെലവാകുന്ന തുക. വിമാനത്തിൽ ആവശ്യമായ റഡാറുകളും സെൻസറുകളും സജ്ജീകരിച്ചിരിക്കും. ദീർഘദൂര പട്രോളിങ്ങിനു ഈ വിമാനങ്ങള്‍ ഉപയോഗിക്കാനാകുമെന്നു ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചീഫ് ഡയറക്ടർ ജനറൽ രാകേഷ് പാൽ പറഞ്ഞു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി ഉടൻ കരാർ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ തുക നൽകി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കണമെന്നാണു പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
സ്പെയിനിൽ നിർമിച്ച ആദ്യത്തെ സി–295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാങ്ങാൻ നാവികസേന അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിൽ 16 എണ്ണം സ്പെയിനിൽനിന്നു തന്നെയെത്തും. 40 എണ്ണം ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ ഫാക്ടറിയിൽ ഉൽപാദിപ്പിക്കും.