ADVERTISEMENT

ന്യൂഡൽഹി∙ കർഷക സമരത്തെ നേരിടാൻ ഡൽഹി പൊലീസ് 30,000 കണ്ണീർവാതക ഷെല്ലുകൾ വാങ്ങി സംഭരിക്കുന്നു. നിലവിൽ കർഷകർ ഡൽഹിയിൽ നിന്നു 200 കിലോമീറ്റർ അകലെയുള്ള പഞ്ചാബ്–ഹരിയാന അതിർത്തിയിലാണ്. കർഷകർ ഡൽഹിയിലേക്കു കടക്കുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്.

പഞ്ചാബ്–ഹരിയാന ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ(PTI Photo)
പഞ്ചാബ്–ഹരിയാന ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ(PTI Photo)

വൻതോതിൽ സംഭരിച്ച കണ്ണീർവാതക ഷെല്ലുകൾക്ക് പുറമേയാണ് പുതുതായി 30,000 എണ്ണം കൂടി ബിഎസ്എഫിന്റെ ടിയർ സ്മോക്ക് യൂണിറ്റിൽ ഓർഡർ നൽകിയത്. ബിഎസ്എഫിന്റെ ഗ്വാളിയർ യൂണിറ്റിൽ നിന്നാണ് ഇവ എത്തിക്കുന്നത്. ജി 20 സമ്മേളനത്തിനു മുന്നോടിയായാണ് ഇതിനു മുൻപ് ഡൽഹി പൊലീസ് കഴിഞ്ഞ സെപ്റ്റംബറിൽ കണ്ണീർ വാതക ഷെല്ലുകൾ വാങ്ങിയത്.

കാലാവധി 3 വർഷം

കലാപ മേഖലകളിൽ ജനക്കൂട്ടത്തെ പിരിച്ചു വിടാനാണു പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നത്. കണ്ണുനീരൊഴുകുന്നതിന് പുറമേ ഇത് കണ്ണിൽ എരിച്ചിലുണ്ടാക്കും. കണ്ണീർവാതക ഷെല്ലിന്റെ കാലാവധി 3 വർഷമാണ്. അതു കഴിഞ്ഞാൽ വീര്യം കുറയും. എന്നാൽ, പരിശീലനത്തിനും മോക് ഡ്രില്ലുകൾക്കും പൊലീസ് ഇത് 7 വർഷം വരെ ഉപയോഗിക്കും.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഗ്വാളിയറിൽ നിന്നെത്തുന്ന ഷെല്ലുകൾ ഔട്ടർ, ഔട്ടർ നോർത്ത്, ഈസ്റ്റ് ‍ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനുകളിലേക്കാണു വിതരണം ചെയ്യുന്നത്.

പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ചിതറിയോടുന്ന പ്രതിഷേധക്കാർ (PTI Photo)
പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ചിതറിയോടുന്ന പ്രതിഷേധക്കാർ (PTI Photo)

ഗാസിപ്പുർ അതിർത്തികളിൽ അതീവ സുരക്ഷ

സോനിപ്പത്ത് ഭാഗത്തുള്ള സിംഘു, ബഹാദുർഗഡ് ഭാഗത്തുള്ള തിക്രി, ഗാസിയാബാദ് ഭാഗത്തെ ഗാസിപ്പുർ അതിർത്തികളിൽ പൊലീസ് വലിയ സുരക്ഷാ സന്നാഹങ്ങളാണു കർഷകരെ പ്രതിരോധിക്കാൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ തിക്രി ഔട്ടർ സ്റ്റേഷന്റെയും സിംഘു ഔട്ടർ നോർത്ത്, ഗാസിപ്പുർ ഈസ്റ്റ് ഡിസ്ട്രിക്ട് പൊലീസിന്റെയും കീഴിലാണ്. ഒരു കർഷകൻ പോലും ട്രാക്ടറുമായി ഡൽഹിയിലേക്കു കടക്കരുതെന്നാണ് പൊലീസിനു നൽകിയിരിക്കുന്ന നിർദേശം.

ഡൽഹിയിലേക്ക് എത്തുന്ന കർഷക സമരത്തെ നേരിടാൻ ഹരിയാന അതിർത്തിയിലെ സോനിപത്ത് കുണ്ട്ലിയിൽ ദേശീയപാത 44ൽ റോഡ് അടച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹിയിലേക്ക് എത്തുന്ന കർഷക സമരത്തെ നേരിടാൻ ഹരിയാന അതിർത്തിയിലെ സോനിപത്ത് കുണ്ട്ലിയിൽ ദേശീയപാത 44ൽ റോഡ് അടച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
കർഷകസമരം 2.0
  • വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.

  • 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.

  • എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.

English Summary:

Delhi Police orders 30,000 tear gas shells to prevent Punjab farmers from entering the national capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com