ADVERTISEMENT

മാനന്തവാടി∙ പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി). പോസ്റ്റുമാർട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ ആറുമണിയോടെ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി  വയനാട്ടിലേക്ക് കൊണ്ടു പോകും.

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച്‌ കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read also: കൂട്ടിൽ കുടുങ്ങിയില്ല; സുരഭിക്കവലയിലെ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.  കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു.

ഫെബ്രുവരി 10-ന് ബേലൂര്‍ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജീഷ് (47)  കൊല്ലപ്പെട്ടിരുന്നു. വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലായിരുന്നു സംഭവം. രാവിലെ പണിക്കാരെ കൂട്ടാനായി പോയതായിരുന്ന അജീഷ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

English Summary:

Elephant attack at Wayanad Kuruvadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com