ഹൈബി ഈഡന്റെ ബിൽബോർഡുകൾ മാറ്റി കൊച്ചി മെട്രോ; നടപടി അരുൺ കുമാറിന്റെ പരാതിയിൽ
Mail This Article
കൊച്ചി ∙ രണ്ടു ദിവസം നീണ്ട വിവാദത്തിനൊടുവിൽ തൂണുകളിൽനിന്നു ഹൈബി ഈഡന്റെ ബില്‍ബോർഡുകൾ നീക്കം ചെയ്തു കൊച്ചി മെട്രോ. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ എന്ന് ആരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്.അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇതു നീക്കം ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കൊച്ചി മെട്രോ തൂണുകളിൽ ഹൈബിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കമിങ് സൂൺ’ എന്ന തലക്കെട്ടിൽ ‘ഹൃദയത്തില്‍ ഹൈബി’, ‘നാടിന്റെ ഹൃദയാക്ഷരങ്ങൾ’ എന്നീ വാചകങ്ങളാണ് ബിൽബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് അരുൺ കുമാർ കൊച്ചി മെട്രോയ്ക്കു പരാതി നല്‍കി. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദർശിപ്പിക്കില്ല എന്ന മെട്രോയുടെ നയത്തിനു വിരുദ്ധമായാണ് ഹൈബിയുടെ തിരഞ്ഞെടുപ്പു പരസ്യം നല്‍കിയത് എന്നായിരുന്നു പരാതി.
സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിന്റെ പരസ്യം പ്രദർശിപ്പിക്കാൻ കെഎംആർഎൽ തയാറായില്ലെന്നും അരുൺ കുമാർ പരാതിയിൽ പറഞ്ഞു. ഇന്ന് ഉച്ചയോടെ പരസ്യബോർഡുകള്‍ നീക്കം ചെയ്തെന്ന് കൊച്ചി മെട്രോ തന്നെ അറിയിച്ചെന്ന് അഡ്വ.അരുൺ കുമാർ വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് ആയിരുന്നില്ല അതെന്നും പുറത്തുവരാൻ പോകുന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അതെന്നും ഹൈബിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു. തങ്ങൾക്കു വേണ്ടി സ്വകാര്യ ഏജൻസികളാണ് പരസ്യങ്ങൾ തയാറാക്കുന്നതും അവ പ്രദർശിപ്പിക്കുന്നതെന്നും കൊച്ചി മെട്രോ വൃത്തങ്ങൾ പറഞ്ഞു. എന്തൊക്കെ പരസ്യങ്ങളാകാം, എന്തൊക്കെ പാടില്ലെന്നു കൃത്യമായ നിർദേശം ഇത്തരം ഏജൻസികൾക്ക് നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ വൃത്തങ്ങൾ വ്യക്തമാക്കി.