കോൺഗ്രസിന് ആകെ ഒരു അജണ്ട മാത്രം, മോദി വിരുദ്ധത: വിമർശനവുമായി നരേന്ദ്ര മോദി
Mail This Article
ജയ്പുർ∙ സ്വജനപക്ഷപാതത്തിലും കുടുംബവാഴ്ചയിലും കുടങ്ങിക്കിടക്കുന്ന കോൺഗ്രസ് പാർട്ടിയെ എല്ലാവരും ഉപേക്ഷിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ്പുരില്‍ നടന്ന ‘വികസിത് ഭാരത്, വികസിത് രാജസ്ഥാൻ’ പരിപാടിയിൽ സംസാരിക്കവേയാണു പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഓൺലൈനായാണു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്. 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടുകയും നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
‘‘മോദി വിരുദ്ധത മാത്രമാണ് കോൺഗ്രസിന്റെ അജണ്ട. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള മോദി വിരുദ്ധത കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. കുടുംബവാഴ്ചയിലും സ്വജനപക്ഷപാതത്തിലും കുടുങ്ങിക്കിടക്കുന്ന ഒരു പാർട്ടിക്കു സംഭവിക്കുന്നത് ഇതാണ്. എല്ലാവരും കോൺഗ്രസിനെ ഉപേക്ഷിക്കുകയാണ്. ആകെ ഒരുകുടുംബം മാത്രമാണ് കോൺഗ്രസിൽ ഉള്ളത്. മികച്ച നയങ്ങൾ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല’’– മോദി കുറ്റപ്പെടുത്തി.
‘‘ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതിനായി ചെറുപ്പക്കാരെയും സ്ത്രീകളെയും കർഷകരെയും പാവപ്പെട്ടവരെയും ശക്തിപ്പെടുത്തുകയാണ്. വികസിത് ഭാരത് ക്യാംപെയിൻ വെറും വാക്കുകളല്ല. എല്ലാ കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള, ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായുള്ള, ചെറുപ്പക്കാർക്കു മികച്ച ജോലികൾ സൃഷ്ടിക്കുന്നതിനായുള്ള, രാജ്യത്ത് ആധുനിക സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള ക്യാംപെയിനാണിത്’’–പ്രധാനമന്ത്രി പറഞ്ഞു.