പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കൊപ്പം ചേരില്ല
Mail This Article
ന്യൂഡൽഹി∙ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണെന്നും ഉത്തർപ്രദേശിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായ മറ്റ് കോൺഗ്രസ് നേതാക്കള്‍ക്കും ആശംസകൾ നേർന്ന പ്രിയങ്ക ഗാന്ധി ഉടൻ തന്നെ ഭാരത് ജോഡോ ന്യായ് യാത്ര സംഘത്തിനൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ബിഹാറിൽനിന്ന് യാത്ര ഉത്തർപ്രദേശിലേക്ക് എത്തുമ്പോൾ ചന്ദൗലിയിൽവച്ച് യാത്രക്കൊപ്പം ചേരാനായിരുന്നു പ്രിയങ്കയുടെ മുൻപത്തെ തീരുമാനം.
‘‘ഭാരത് ജോഡോ ന്യായ് യാത്ര യുപിയിൽ എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാൽ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭേദമായാൽ ഉടൻ തന്നെ ഞാൻ യാത്രയ്‌ക്കൊപ്പം ചേരും. എന്റെ സഹോദരനും യുപിയിലെ എന്റെ സഹപ്രവർത്തകർക്കും അണികൾക്കും എല്ലാ ആശംസകളും നേരുന്നു’’– പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഫെബ്രുവരി 16 മുതൽ 21 വരെയും തുടർന്ന് രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം 24, 25 ദിവസങ്ങളിലും ഉത്തർപ്രദേശിലായിരിക്കും ഭാരത് ജോഡോ ന്യായ് യാത്ര. 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര മണിപ്പുരിൽ കഴിഞ്ഞമാസം 14 നാണ് തുടങ്ങിയത്. മണിപ്പുരിൽനിന്നു മുംബൈ വരെയാണു ഭാരത് ജോഡോ ന്യായ് യാത്ര.