കോണ്‍ഗ്രസിന് ആശ്വാസം: അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി: ‘വൈദ്യുതിബില്‍ അടയ്ക്കാന്‍ പോലും പണമില്ല’
Mail This Article
ന്യൂഡല്‍ഹി∙ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ അറിയിച്ചു. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി തിരിച്ചുപിടിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.
അതേസമയം, കോണ്‍ഗ്രസ് ആരോപണമുന്നയിച്ച് ഒരു മണിക്കൂറിനു ശേഷം അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചു. ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഒഴിവാക്കിയത്.
Read also: ഡ്രൈവറായി തേജസ്വി; ബിഹാറിൽ ചുവന്ന ജീപ്പിൽ യാത്ര നയിച്ച് രാഹുൽ
ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിനു തുല്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ വൈദ്യുതി ബിൽ അടയ്ക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പണമില്ല. ഇത് കോൺഗ്രസിന്റെ എല്ലാ പ്രവർത്തനത്തെയും ബാധിക്കും. ന്യായ് യാത്രയെ മാത്രമല്ല എല്ലാ തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ജനാധിപത്യം നിലനിൽക്കുന്നില്ല, ഏകപാർട്ടി ഭരണമാണ് ഇവിടെ നടക്കുന്നത്. പ്രധാന പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു. കോടതിയിൽനിന്നും മാധ്യമങ്ങളിൽനിന്നും ജനങ്ങളിൽനിന്നും നീതി പ്രതീക്ഷിക്കുന്നു.’–മാക്കൻ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെ കുറിച്ച് ഇന്നലെയാണ് വിവരം ലഭിച്ചതെന്ന് പാർട്ടി അഭിഭാഷകൻ വിവേക് തൻക അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.