'പരുക്കേറ്റയാളെ ഐസിയു ആംബുലൻസിലേ കൊണ്ടുപോകാനാകൂ'; ‘വന്നു, ഇറങ്ങി, പോയി’ ഹെലികോപ്റ്റർ!
Mail This Article
മാനന്തവാടി∙ ചരിത്രത്തിൽ ആദ്യമായി വയനാട്ടിൽ പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിനു ഹെലികോപ്റ്റർ എത്തിയിട്ടും ആനയുടെ ആക്രമണത്തിൽ നെഞ്ച് തകർന്ന പോളിന്റെ ജീവൻ രക്ഷിക്കാനായില്ല. വന്ന ഹെലികോപ്റ്റർ ഉപയോഗിക്കാനും സാധിച്ചില്ല. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും ആളുകൾ കൊല്ലപ്പെടാമെന്ന സ്ഥിതിവിശേഷമാണു സംജാതമായിരിക്കുന്നത്. 17 ദിവസത്തിനിടെ മൂന്ന് പേരാണ് മാനന്തവാടി ഭാഗത്ത് ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടത്. പരുക്കേറ്റവർ വേറെയും. പടമല പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന കാട്ടാനയെ പിടിക്കാൻ വൻപട കാടുകയറി നടക്കുന്നതിനിടെയാണു വീണ്ടും കാട്ടാനക്കൊലപാതകം നാടിനെ ഞെട്ടിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോയ പോളിനെ ആന ആക്രമിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണു രക്ഷിച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. (മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രമുള്ള പഴയ ജില്ലാ ആശുപത്രിയെ ഇപ്പോൾ ‘മടക്കൽ കോളജ്’ എന്നാണ് നാട്ടുകാർ വിളിക്കുന്നത്). പോളിനെയും പതിവു പോലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ‘മടക്കാൻ’ തീരുമാനമായി.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് കുറുവ ദ്വീപ് ടൂറിസം കേന്ദ്രം ജീവനക്കാരനായ പോളിനെ കാട്ടാന ചവിട്ടിയത്. നെഞ്ചിൽ ചവിട്ടേറ്റ പോളിന്റെ വാരിയെല്ല് തകർന്ന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ചികിത്സ വൈകുന്നുവെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധിക്കാൻ തുടങ്ങി. ആശുപത്രിക്കു മുന്നിൽ ആളുകൾ കൂടാൻ തുടങ്ങിയതോടെ അപകടം മണത്ത ഭരണകൂടം ഉണർന്നു പ്രവർത്തിച്ചു. ആന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ പോസ്റ്റ്‌മോർട്ടം വൈകിയതോടെയാണ് മാനന്തവാടിയിൽ ജനരോഷം ഇരമ്പിയത്. ആ സാഹചര്യം ഉണ്ടാകാതിരിക്കാൻ സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഉടനടി ആശുപത്രിയിലെത്തി എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കി. മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രമുള്ള ആശുപത്രിയിൽ പോളിനെ ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഇല്ലായിരുന്നു. അതിനാൽ സാധ്യമായ അടിയന്തര ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളജിേലക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെയാണു പോളിനെ കൊണ്ടുപോകാൻ എയർ ആംബുലൻസ് എത്തുമെന്ന് അറിഞ്ഞത്. ഇതോടെ എയർ ആംബുലൻസിനായി അൽപ്പനേരം കാത്തുനിന്നു. സമയം വൈകുന്നത് ജീവൻ അപകടത്തിലാകുമെന്നായതോടെ ആംബലുൻസ് റോഡ് മാർഗം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇതിനിടെ ഹെലികോപ്റ്റർ കൽപറ്റയിൽ ഇറക്കാനായിരുന്നു തീരുമാനം. റോഡ് മാർഗം പോയ ആംബുലൻസ് കൽപ്പറ്റയിൽ കാത്തുനിന്നു. പോളിന്റെ അവസ്ഥ ഗുരുതരമായതോടെയാണു കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കയറ്റി അടിയന്തര പരിചരണം നൽകി ഹെലികോപ്റ്ററിനായി കാത്തുനിന്നത്. എയർ ആംബുലൻസ് വൈകിയതോടെ റോഡ് മാർഗം യാത്ര തുടർന്നു.
പരുക്ക് സാരമായതിനാൽ പോളിനെ ഐസിയു സംവിധാനമുള്ള ആംബുലൻസിലേ കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളു. നാലു പേർക്ക് ഇരുന്ന് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണു മാനന്തവാടിയിൽ എത്തിയത് എന്നാണു വിവരം. ഈ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പോൾ. അതിനാലാണു ഹെലികോപ്റ്റർ കൽപറ്റയിലേക്കു പോകാതിരുന്നത്. ആംബുലൻസ് ചുരം കടന്നതോടെ ഹെലികോപ്റ്റർ തിരിച്ചു പോകുകയും ചെയ്തു.
തുടർച്ചയായി ആളുകൾ വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നതോടെ വയനാട്ടിലെ ജനം വലിയ പ്രതിേഷധത്തിലാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും അലംഭാവപൂർണമായ സമീപനമാണുണ്ടാകുന്നതെന്നാണ് ഉയരുന്ന ആരോപണം. അജീഷിന്റെ മരണത്തെത്തുടർന്ന് ശനിയാഴ്ച മാനന്തവാടിയിലുണ്ടായ പ്രതിഷേധം എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും ഭരണകൂടത്തിന് അറിയാത്ത അവസ്ഥയായിരുന്നു. എംഎൽഎ, കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെയെല്ലാം ജനം നടുറോഡിൽ വെയിലത്ത് നിർത്തി. ഈ അപകടം മുന്നിൽ കണ്ടാണ് പോളിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന്റെ സ്വരം ഉയർന്നപ്പോൾ തന്നെ പൊലീസും സബ് കലക്ടറും മാനന്തവാടി മെഡിക്കൽ കോളജിൽ പാഞ്ഞെത്തിയത്. ഇതിനു പിന്നാലെയാണ് എയർ ആംബുലൻസിൽ പോളിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകാം എന്ന വിവരം ലഭിക്കുന്നത്. എന്നാൽ പരുക്കേറ്റയാളെ കൊണ്ടുപോകാൻ സാധിക്കുന്നില്ല ആംബുലൻസല്ല എത്തിയത്. എന്തിനോ വേണ്ടി ഹെലികോപ്റ്റർ വന്നു, മാനന്തവാടിയിൽ ഇറങ്ങി, അരമണിക്കൂറോളം നിർത്തിയിട്ടു, തിരിച്ചുപോയി. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല.
വന്യമൃഗശല്യം കൊണ്ടു പൊറുതിമുട്ടിയ ജനം പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിവിശേഷമാണ് വയനാട്ടിൽ. പരുക്കേൽക്കുന്നവരെ ചികിത്സിക്കാൻ ആവശ്യമായ യാതൊരു സൗകര്യവും വയനാട്ടിൽ ഇല്ലാതാനും. 2016ൽ ഉമ്മൻ ചാണ്ടിയാണ് വയനാട് മെഡിക്കൽ കോളജിനു തറക്കല്ലിട്ടത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാനന്തവാടി ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കി. 8 എട്ട് വർഷത്തിനിടെ കാര്യമായി ഉണ്ടായ മാറ്റമിതാണ്. ഈ സാഹചര്യത്തിലാണ് എയർ ആംബുലൻസ് വയനാട്ടിൽ എത്തിയത്. പക്ഷേ യാതൊരു കാര്യവുമുണ്ടായില്ല. വന്യമൃഗശല്യം മൂലം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ തെരുവിൽ തല്ലുന്ന സ്ഥിതിവിശേഷം ഉടലെടുത്തിരിക്കുകയാണ്. അതിനിടെയാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.