ADVERTISEMENT

പുൽപ്പള്ളി∙ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തിന് ശനിയാഴ്ച തന്നെ കൈമാറുമെന്നു പറഞ്ഞ 10 ലക്ഷം രൂപ ഇതുവരെ കൈമാറിയില്ല. പോളിന്റെ ഭാര്യയ്‌ക്കോ പിതാവിനോ മകൾക്കോ പണം രാത്രി പത്തു മണിവരെ ലഭിച്ചില്ല. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിൽനിന്ന് ഇറക്കാൻ പ്രതിഷേധിച്ച ജനക്കൂട്ടം ആദ്യം തയാറായില്ല. ഉത്തരവാദിത്തപ്പെട്ടവർ എടുത്ത തീരുമാനം കുടുംബാംഗങ്ങളോടു ജനമധ്യത്തിൽ പറഞ്ഞശേഷം മാത്രമേ മൃതദേഹം ആംബുലൻസിൽനിന്നിറക്കി വീട്ടിലേക്കു കയറ്റൂ എന്നായിരുന്നു നിലപാട്. ഇതിനെത്തുടർന്ന് എഡിഎം വന്ന് തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു. 

‌‌5 ലക്ഷം ഇന്ന് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പത്ത് ലക്ഷവും ഇന്നു തന്നെ നൽകണമെന്ന് ജനം ആവശ്യപ്പെട്ടു. എഡിഎമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്കു കാര്യങ്ങൾ നീങ്ങിയതോടെ 10 ലക്ഷവും ഇന്നു തന്നെ നൽകാമെന്ന് അറിയിച്ചു. ഇതോടെയാണു ജനക്കൂട്ടം പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ ഇതുവരെ ഒരു രൂപപോലും കുടുംബത്തിനു ലഭിച്ചില്ല. പുൽപ്പള്ളിയിലെ വൻ പ്രതിഷേധത്തിനുശേഷമാണ് പോളിന്റെ മൃതദേഹം ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ വീട്ടിലെത്തിച്ചത്. 

Read More: വയനാട്ടിൽ ‘വയലന്റ്’ ആയി ജനം; എല്ലാം സമ്മതിക്കേണ്ടി വന്ന് ഭരണകൂടം: സമാനതകളില്ലാത്ത പ്രതിസന്ധി

ആദ്യഗഡുവായ അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. അഞ്ച് ലക്ഷം പിന്നീടു നൽകാമെന്ന സർക്കാർ ഉത്തരവ് എഡിഎം ബന്ധുക്കളെ വായിച്ചു കേൾപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ പത്തുലക്ഷവും ഇന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച പുൽപ്പള്ളി ടൗണിൽ മണിക്കൂറുകളോളം നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശിയിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ആയിരങ്ങള്‍ നടത്തിയ പ്രതിഷേധം ഏറെനേരം സമാധാനപരമായിരുന്നു. എന്നാല്‍ ഇതിനിടെ എംഎല്‍എമാര്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. 

പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. രണ്ടു സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംഗ്‌ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

English Summary:

Betrayed by Empty Promises: Government Promise of Rs 10 Lakh to Paul's Family Unfulfilled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com