പോളിന് വിടചൊല്ലി നാട്, മൃതദേഹം സംസ്കരിച്ചു; കുടുംബത്തിന് 10 ലക്ഷം കൈമാറും
Mail This Article
പുൽപ്പള്ളി∙ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന്റെ മൃതദേഹം സംസ്കരിച്ചു. പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. പാക്കത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നഷ്ടപരിഹാര തുകയായ പത്തു ലക്ഷവും ശനിയാഴ്ച തന്നെ നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് മൃതദേഹം ആംബുലൻസിൽനിന്നു പുറത്തിറക്കാൻ നാട്ടുകാർ സമ്മതിച്ചത്. ആദ്യഗഡുവായ അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ തടഞ്ഞുവച്ചു. അഞ്ച് ലക്ഷം നൽകാമെന്ന സർക്കാർ ഉത്തരവ് എഡിഎം ബന്ധുക്കളെ വായിച്ചു കേൾപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ പത്തുലക്ഷവും ഇന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു. വയനാട് എംപി രാഹുൽ ഗാന്ധി ഞായർ രാവിലെ കുടുംബത്തെ സന്ദർശിക്കും. ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റംവരുത്തിയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർഥനയെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വയനാട് സന്ദർശനം മാറ്റി.
പുല്‍പ്പള്ളി പഞ്ചായത്തിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പുൽപ്പള്ളി ടൗണിൽ മണിക്കൂറുകളോളം നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശിയിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ആയിരങ്ങള്‍ നടത്തിയ പ്രതിഷേധം ഏറെനേരം സമാധാനപരമായിരുന്നു. എന്നാല്‍ ഇതിനിടെ എംഎല്‍എമാര്‍ക്കും പൊലീസിനും നേരെ പ്രതിഷേധക്കാര്‍ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം. വനംവകുപ്പിന് എതിരെ കനത്ത പ്രതിഷേധമാണു നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടി.
ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. പ്രതിഷേധങ്ങൾക്കും തുടർ നടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. പോളിന്റെ മൃതദേഹം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ രാവിലെ 9.40ന് ആണ് പുൽപ്പള്ളിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്‌ഷനിൽ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.