ADVERTISEMENT

പുൽപ്പള്ളി∙ ഭരണകക്ഷി നേതാക്കൾ പുൽപ്പള്ളിയിലേക്കു തിരിഞ്ഞുനോക്കാത്തതിനാൽ ജനരോഷത്തിന് ഇരയായത് പ്രതിപക്ഷ എംഎൽഎമാരായ ടി.സിദ്ദിഖും ഐ.സി.ബാലകൃഷ്ണനും. പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാൽ പോളിന്റെ മൃതദേഹവുമായി ആയിരക്കണക്കിനാളുകളാണു പുൽപ്പള്ളി ടൗണിൽ പ്രതിഷേധിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ സമാധാനപരമായി തുടങ്ങിയ സമരം ഒടുവിൽ ലാത്തിച്ചാർജിലേക്കു വരെ എത്തി.

Read also: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള, രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

ഒരാഴ്ച മുൻപ് പടമല പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ മാനന്തവാടിയിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. അന്ന് സ്ഥലത്തെത്തിയ ഒ.ആർ.കേളു എംഎൽഎ, ജില്ലാ കലക്ടർ, പൊലീസ് മേധാവി എന്നിവരെയാണ് നാട്ടുകാർ നടുറോഡിൽ പൊരിവെയിലത്ത് നിർത്തിയത്. എന്നാൽ ഇന്ന് ജനരോഷത്തിന് ഇരയാകേണ്ടി വന്നത് പ്രതിപക്ഷ എംഎൽഎമാർക്കാണ്. പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധം നിയന്ത്രിക്കുന്നതിന് അവർ പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കലി തുള്ളി നിൽക്കുന്ന ജനത്തോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലാത്ത അവസ്ഥയായിരുന്നു.

പുൽപ്പള്ളിയിലെ പ്രതിഷേധത്തിൽനിന്ന് (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
പുൽപ്പള്ളിയിലെ പ്രതിഷേധത്തിൽനിന്ന് (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)

ഇതിനിടെ എംഎൽഎമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. അജീഷിന്റെ കുടുംബത്തിനു പ്രഖ്യാപിച്ച എല്ലാ സഹായവും പോളിന്റെ കുടുംബത്തിനും നൽകാമെന്നു രേഖാമൂലം തീരുമാനമായി. ഈ തീരുമാനം പറയാനായി എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടത്. ആവശ്യങ്ങൾ അംഗീകരിച്ചെന്നും മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. പത്തു ലക്ഷം അടുത്ത പ്രവൃത്തി ദിവസം നൽകുമെന്നും ബാക്കി 40 ലക്ഷത്തിനു ശുപാർശ നൽകുമെന്നും പറഞ്ഞു. 40 ലക്ഷത്തിനു ശുപാർശ നൽകുമെന്നു പറഞ്ഞത് പ്രതിഷേധക്കാർ അംഗീകരിക്കാൻ തയാറായില്ല. പ്രതിഷേധക്കാർ എംഎൽഎമാർക്കു നേരെ തിരിഞ്ഞു. ഇവരെ പ്രതിഷേധക്കാർ തള്ളി പിന്നിലേക്കു കൊണ്ടുപോയി. ഇതിനിടെ കുപ്പിയേറും കസേരയേറും തുടങ്ങി. ബസ് സ്റ്റാൻഡിന്റെ ഒരുമൂലയിലേക്കാണ് എംഎൽഎമാരെ തള്ളിക്കൊണ്ടുപോയത്. എംഎൽഎമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസ് ലാത്തി വീശി.

ഒരു പൊലീസുകാരനും രണ്ടു പ്രതിഷേധക്കാർക്കും പരുക്കേറ്റു. ഇതോടെ പ്രതിഷേധ സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർ എംഎൽഎമാരുടെ സംരക്ഷണം ഏറ്റെടുത്തു. കോൺഗ്രസ് പ്രവർത്തകർ എംഎൽഎമാർക്കു ചുറ്റും പ്രതിരോധം തീർത്തു. പൊലീസും എംഎൽഎമാർക്കു ചുറ്റും നിന്നു. തുടർന്ന് പൊലീസ് വലയത്തിൽ ഇവരെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. ആളുകളെ അനുനയിപ്പിച്ച് മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയശേഷമാണ് എംഎൽഎമാരെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും കോൺഗ്രസ് പ്രവർത്തകരും ചേർന്നു സ്ഥലത്തുനിന്നു മാറ്റിയത്.

പുൽപ്പള്ളിയിലെ പ്രതിഷേധം നേരിടാൻ പൊലീസിനെ വിന്യസിച്ചപ്പോൾ. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
പുൽപ്പള്ളിയിലെ പ്രതിഷേധം നേരിടാൻ പൊലീസിനെ വിന്യസിച്ചപ്പോൾ. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)

ജില്ലയിലെ ഏക ഭരണകക്ഷി എംഎൽഎ ആയ ഒ.ആർ.കേളു എവിടെ എന്നായിരുന്നു ജനം ചോദിച്ചതെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഭരണകക്ഷിയുടെ എംഎൽഎ പോയിട്ട് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവു പോലും ആ വഴിക്ക് വന്നില്ല. വന്നിരുന്നെങ്കിൽ അടികിട്ടുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എംഎൽഎമാർക്ക് നേരെ കയ്യേറ്റം നടന്നതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഐ.സി.ബാലകൃഷ്ണൻ ആരോപിച്ചു.

English Summary:

Public Anger Towards Opposition MLAs at Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com