‘സീതയെ അക്ബറിനൊപ്പം പാർപ്പിക്കരുത്’: കൽക്കട്ട ഹൈക്കോടതിയിൽ വിഎച്ച്പി ഹർജി
Mail This Article
കൊൽക്കത്ത∙ സിലിഗുരി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്‌ബർ എന്ന ആൺസിംഹത്തിനൊപ്പം പാർപ്പിക്കുന്നതിനെതിരെ കൽക്കട്ട ഹൈക്കോടതിയിൽ ഹർജിയുമായി വിശ്വഹിന്ദു പരിഷ്ത്ത് (വിഎച്ച്പി). വിഎച്ച്പി ബംഗാൾ ഘടകമാണ് വനം വകുപ്പ് തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ആരോപിച്ച് കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
സിംഹങ്ങൾക്ക് യുക്തിരഹിതമായി പേരിട്ടെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണു നടപടിയെന്നും മതപരമായുള്ള പേരിടുന്നതു തടയണമെന്നും ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഹർജി ഫയൽ ചെയ്തത്. ഈ കേസിൽ 20ന് കോടതി വിശദവാദം കേൾക്കും.
മൃഗങ്ങളെ കൈമാറുന്ന പദ്ധതി പ്രകാരം കഴിഞ്ഞ 13നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു സിംഹങ്ങളെ എത്തിച്ചത്. ഏഴുവയസ് പ്രായമുള്ളതാണ് അക്‌ബർ. സീതയ്‌ക്ക് അഞ്ചുവയസാണ്. സിംഹങ്ങളെ സിലിഗുരിയിൽ എത്തിച്ചതിനുശേഷം പേരുമാറ്റിയെന്നാണു വിഎച്ച്‌പിയുടെ ആരോപണം. പേരുമാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാലാണു കോടതിയെ സമീപിച്ചതെന്ന് വിഎച്ച്‌പി നേതാക്കൾ വ്യക്തമാക്കി. പെൺസിംഹത്തിന്റെ പേരുമാറ്റി പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നാണ് വിഎച്ച്‌പിയുടെ ആവശ്യം. സീത, അക്ബർ എന്നതു നേരത്തേയിട്ട പേരുകളാണെന്നും മാറ്റിയിട്ടില്ലെന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്.