രാഹുൽ കണ്ണൂരിലെത്തി; രാവിലെ അജീഷിന്റെയും പോളിന്റെയും പ്രജീഷിന്റെയും വീടുകൾ സന്ദർശിക്കും
Mail This Article
വയനാട്∙ പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി എംപി ഞായറാഴ്ച വയനാട്ടിലെത്തും. വാരാണസിയിൽനിന്ന് ശനിയാഴ്ച അഞ്ചുമണിയോടെ പ്രത്യേക വിമാനത്തിൽ തിരിച്ച അദ്ദേഹം വൈകിട്ട് കണ്ണൂരിലെത്തി. പുലർച്ചെ റോഡ് മാർഗം വയനാട്ടിലേക്ക് പോകാനാണ് പദ്ധതി.
ബേലൂർ മഖ്നയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പയ്യമ്പള്ളിയിൽ അജീഷിന്റെ ഭവനമാണ് രാവിലെ 7.45ന് രാഹുൽ ആദ്യം സന്ദർശിക്കുക. 8.10ന് അവിടെനിന്ന് ഇറങ്ങുന്ന രാഹുൽ പിന്നീട് 8.35ന് കുറുവ ദ്വീപിലെ വാച്ചറായിരുന്ന, ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പി.വി. പോളിന്റെ പുൽപ്പള്ളിയിലെ വീടും സന്ദർശിക്കും. പിന്നീട് കടുവയുടെ ആക്രമണത്തിൽ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും അദ്ദേഹം സന്ദർശിക്കും. 10.50ന് കൽപറ്റയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വച്ച് ജില്ലാ ഭരണകൂടവുമായി സ്ഥിതിഗതികൾ ചർച്ചചെയ്യും. 11.40ന് കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽനിന്ന് ഹെലിക്കോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്കു തിരിക്കുന്ന രാഹുൽ, 12.30നുള്ള പ്രത്യേക വിമാനത്തിൽ അലഹാബാദിലേക്കു തിരിക്കും. പിന്നാലെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും.
നിലവിൽ വാരാണസിയിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിലൂടെയാണ് രാഹുൽ വയനാട്ടിലേക്കു പോകുന്ന കാര്യം അറിയിച്ചത്. ഞായറാഴ്ച മൂന്നുമണിയോടെ പ്രയാഗ്‌രാജിൽനിന്ന് ജോഡോ യാത്ര പുനരാരംഭിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുൽപ്പള്ളിയിൽ ജനം പ്രതിഷേധവുമായെത്തിയത്. പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജനം തടിച്ചുകൂടിയത്. തുടക്കത്തിൽ പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും ഒരുഘട്ടത്തിൽ അക്രമാസക്തമായി. ഇതോടെ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു.