എൽടിടിഇ പുനരുജ്ജീവനം: തമിഴ് സിനിമാ പ്രവർത്തകനെ പ്രതിയാക്കി എൻഐഎ
Mail This Article
ചെന്നൈ∙ നിരോധിത സംഘടനയായ എൽടിടിഇ പുനരുജ്ജീവിക്കാൻ ശ്രമിച്ച കേസിൽ തമിഴ് സിനിമ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവിനെ പ്രതി ചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ലഹരിമരുന്നുകളും ആയുധങ്ങളും കള്ളക്കടത്തു നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ഇന്ത്യയിലും ശ്രീലങ്കയിലും സംഘടനയെ സജീവമാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് 13 പേർക്കെതിരെ മുൻപ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എൻഐഎ കേസുകൾ പരിഗണിക്കുന്ന പൂനമല്ലിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പതിനാലാമനായി പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആദിലിംഗത്തെ ചേർത്തിട്ടുള്ളത്.
കള്ളക്കടത്തു വഴി ലഭിക്കുന്ന ഹവാല പണം സ്വീകരിക്കുന്നതിനും എൽടിടിഇ പ്രവർത്തനങ്ങൾ സജീവമാക്കാനായി വിതരണം ചെയ്യുന്നതിനും ഇടനിലക്കാരനായി ആദിലിംഗം പ്രവർത്തിച്ചതായാണ് അനുബന്ധ കുറ്റപത്രത്തിലെ ആരോപണം. ശ്രീലങ്കൻ പൗരന്മാരും എൽടിടിഇ പ്രവർത്തകരുമായ ഗുണശേഖരൻ, ഇയാളുടെ മകൻ ദിലീപൻ തുടങ്ങിയവരുമായി ആദിലിംഗം അടുത്ത ബന്ധം പുലർത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. മറ്റു 13 പേർക്കെതിരെ ജൂണിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
2021ൽ വിഴിഞ്ഞം തുറമുഖത്തിനു സമീപത്തു നിന്ന്, ബോട്ടിൽ കടത്തുകയായിരുന്നു 300 കിലോഗ്രാം ഹെറോയിൻ, 5 എകെ 47 തോക്കുകൾ, പാക് നിർമിതമായ 1000 റൗണ്ട് തിരകൾ തുടങ്ങിയവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് എൻഐഎയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് എൽടിടിഇ പുനരുജ്ജീവന പ്രവർത്തനങ്ങൾ വെളിച്ചത്തു വന്നത്. ഈ കേസിൽ പിടിയിലായ ഗുണശേഖരനും ദിലീപനും അടക്കമുള്ളവർ തമിഴ്നാട്ടിലെ പ്രത്യേക ക്യാംപിൽ തടവിലാണ്.