പുൽപ്പള്ളി സംഘർഷം: വനംവകുപ്പ് വാഹനം ആക്രമിച്ചതിൽ 2 പേർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉടൻ
Mail This Article
പുൽപ്പള്ളി∙ വയനാട് പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ രണ്ടു പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു ചിലരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച വനംവാച്ചർ പോളിന്റെ മൃതദേഹവുമായി ശനിയാഴ്ച രാവിലെ പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിലേക്ക് നീങ്ങിയത്. 2 തവണ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതി സ്ഫോടനാത്മകമായി. ജനക്കൂട്ടം ഫോറസ്റ്റ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് ഷീറ്റ് കുത്തിക്കീറി. പുൽപള്ളിയിൽ കടുവ കൊന്ന മൂരിയുടെ ജഡം ജീപ്പിന്റെ ബോണറ്റിൽ വച്ച ജനക്കൂട്ടം ജീപ്പിനു മുകളിൽ വനംവകുപ്പിനു റീത്തും സമർപ്പിച്ചു. തടയാനെത്തിയപ്പോൾ അവർ പൊലീസിനു നേരെ തിരിഞ്ഞു. തുടർന്നായിരുന്നു ലാത്തിച്ചാർജ്.
ജീപ്പിലുണ്ടായിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജിയെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർക്കും ഏതാനും പൊലീസുകാർക്കും പരുക്കേറ്റു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവരടക്കമുള്ളവർക്കു നേരെ കുപ്പിയേറും ചീത്തവിളിയുമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എംഎൽഎ എന്നിവർ സ്ഥലത്തെത്താത്തതിലായിരുന്നു കടുത്ത പ്രതിഷേധം. ഉച്ചയ്ക്കു 2 മണിയോടെ പോളിന്റെ മൃതദേഹം പാക്കത്തെ വീട്ടിലെത്തിച്ചപ്പോഴും വൻ പ്രതിഷേധമുണ്ടായി. എഡിഎം എം.ദേവകിയെ 15 മിനിറ്റോളം തടഞ്ഞുവച്ചു. പൊലീസ് ബലംപ്രയോഗിച്ചാണ് സമരക്കാരെ മാറ്റിയത്. സംഘർഷത്തെ തുടർന്ന് പുൽപള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.