ADVERTISEMENT

മാനന്തവാടി∙ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി കൽപറ്റയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു. വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണമെന്നും കാലതാമസം വരുത്തരുതെന്നും വയനാട് എംപി രാഹുൽ ഗാന്ധി യോഗത്തിനു പിന്നാലെ പറ‍ഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് എത്തുന്ന രാഹുൽ ഗാന്ധി. ചിത്രം ∙ മനോരമ
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് എത്തുന്ന രാഹുൽ ഗാന്ധി. ചിത്രം ∙ മനോരമ

ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുൽ പുലർച്ചെ റോഡ് മാർഗമാണു വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും ഡിസംബറിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലും രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.  

Read More at: പ്രതിഷേധിച്ച ജനങ്ങളെ പറ്റിച്ചോ സർക്കാർ?; പോളിന്റെ കുടുംബത്തിന് ശനിയാഴ്ച നൽകുമെന്ന് പറഞ്ഞ 10 ലക്ഷം നൽകിയില്ല

രാവിലെ ഏഴരയോടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിലെ സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോടു സംസാരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിനു ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.  

പിന്നാലെ കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇവിടെനിന്നു ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിച്ചു. തുടർന്നു രാഹുൽ അവലോകന യോഗം നടക്കുന്ന റസ്റ്റ് ഹൗസിലെത്തുകയായിരുന്നു. അവലോകന യോഗത്തിനു ശേഷം രാഹുൽ ഗാന്ധി അലഹാബാദിലേക്കു മടങ്ങി. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്കെത്തിയത്. യാത്ര ഇന്നു വൈകുന്നേരം പുനരാരംഭിക്കും. 

English Summary:

Rahul gandhi left for wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com