ഏറ്റവും നല്ല വിധി, സിപിഎം തന്നെയാണ് കൊല നടത്തിയത് എന്നാണ് വിധി വ്യക്തമാക്കുന്നത്: കെ.കെ. രമ
Mail This Article
കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎൽഎ. അഭിപ്രായം പറഞ്ഞതിനാണു സിപിഎം ആലോചിച്ച് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നതെന്ന വാദം ഹൈക്കോടതി ശരിവച്ചെന്നും കെ.കെ. രമ പ്രതികരിച്ചു. പി.മോഹനൻ അടക്കം വിട്ടയയ്ക്കപ്പെട്ടവർക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കുമാരൻ കുട്ടി വ്യക്തമാക്കി.
Read Also: ടി.പി.ചന്ദ്രശേഖരൻ വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി; 2 പേരെ വെറുതെ വിട്ടത് റദ്ദാക്കി
‘‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തേ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. സിപിഎം തന്നെയാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത് എന്നതാണു വിധി വ്യക്തമാക്കുന്നത്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ.കെ.കൃഷ്ണനെ കൂടി പ്രതിയാക്കിയതോടെ പാർട്ടിയുടെ പങ്ക് വീണ്ടും വ്യക്തമായിരിക്കുകയാണ്. വലിയ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം ഈ കേസിൽ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്കരൻ എല്ലാ ദിവസവും വന്ന് കേസിൽ മേൽനോട്ടം വഹിച്ചിരുന്നു. എല്ലാ ദിവസവും ഹൈക്കോടതിയിൽ വന്നിരുന്നു. അങ്ങനെ പാർട്ടിയാണ് ഈ കേസ് നടത്തുന്നത്. ഈ കൊലയാളികൾക്കു വേണ്ടിയുള്ള കേസ് നടത്തുന്നതും പാർട്ടിയാണ്. സിപിഎമ്മിന്റെ പങ്കു തന്നെയാണ് കോടതി തെളിയിച്ചിരിക്കുന്നത്. ഇനിയൊരു രാഷ്ട്രീയ കൊലപാതകം കൂടി ഈ നാട്ടിൽ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണം. അതിനു കൂടിയുള്ള താക്കീതാണ് ഈ വിധി. ഇങ്ങനെ നീതി നടപ്പാക്കപ്പെടണം’’–രമ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങൾ ഇനി നടക്കരുത് എന്നാണ് വിധി ലക്ഷ്യമാക്കുന്നത് എന്ന് രമയുടെ അഭിഭാഷകനായ എസ്.രാജീവ് പറഞ്ഞു. ഗൗരവമായി തന്നെ കോടതി, തെളിവുകൾ പരിശോധിച്ചു എന്ന് അഡ്വ. കുമാരൻകുട്ടി പറഞ്ഞു. ഒരുപാട് സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ മുമ്പിൽ മൊഴി കൊടുത്തവർ പോലും കോടതിയിൽ കൂറുമാറിയിട്ടുണ്ട്. 50ലേറെ സാക്ഷികൾ കൂറുമാറി. എന്നിട്ടും കോടതി വിധി ഇങ്ങനെയായി എന്ന് അദ്ദേഹം പറഞ്ഞു. ‘‘ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയതിന് ഇത്രയധികം പേരെ ശിക്ഷിക്കുന്നത് ആദ്യമായാണ്. എട്ടാംപ്രതി രാമചന്ദ്രൻ, ഒമ്പതാം പ്രതി അന്തരിച്ച സി.എച്ച്.അശോകൻ, ഇപ്പോൾ ശിക്ഷിച്ചിട്ടുള്ള കെ.കെ.കൃഷ്ണൻ, ജ്യോതിബാബു ഇവർക്കെല്ലാം എതിരെയുള്ളത് ഗൂഡാലോചനാക്കുറ്റമാണ്. ‘‘ചന്ദ്രശേഖരാ നിന്റെ തലച്ചോറ് റോഡിൽ തെങ്ങിൻപൂക്കുല പോലെ ചിതറിക്കും’ എന്ന് പ്രസംഗിച്ച ആള്‍ ആണ് കൃഷ്ണൻ. അതുപോലെ അവർ ചിതറിക്കുകയും ചെയ്തു. 2009 മുതൽ ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടക്കുന്നതായി പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അതിൽ ആറെണ്ണം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. അതും ഹൈക്കോടതി കണക്കിലെടുത്തു എന്നാണ് കരുതുന്നത്’’ – അഡ്വ.കുമാരൻ കുട്ടി പറഞ്ഞു.