സാധാരണക്കാർ പ്രതിഷേധിച്ചാൽ ക്രിമിനൽ കേസ് ഒഴിവാക്കുമോ?: രാഷ്ട്രീയക്കാരുടെ പ്രതിഷേധം ചോദ്യം ചെയ്ത് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി. സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. 2022ൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി.
‘‘സമാനമായ ഒരു പ്രതിഷേധം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം? ആ സാഹചര്യത്തിലും അവർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കുമോ?’’ - ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷമായി പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടിസ് അയച്ചു.
നിയമസംവിധാനത്തിന്റെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ കോടതി പരിശോധിക്കുകയാണെന്നും അറിയിച്ചു. ഇവർക്കെതിരായ നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
2022ൽ അന്നത്തെ മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പ അഴിമതി നടത്തിയെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. കർണാടക ഹൈക്കോടതി ഇവർക്ക് 10,000 രൂപ പിഴ വിധിച്ചിരുന്നു. മാർച്ച് ആറിന് പ്രത്യേക കോടതിക്ക് മുൻപാകെ ഹാജരാകാനും നിർദേശിച്ചിരുന്നു.