‘ളോഹയിട്ടവരാണ് വിടരുതെടാ.. പിടിക്കെടാ... എന്നൊക്കെ ആക്രോശിച്ചത്’: വിവാദ പ്രസ്താവന നിഷേധിച്ച് കെ.പി.മധു
Mail This Article
ബത്തേരി∙ വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായാണു പൊലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. എന്നാൽ ഇതു വിവാദമായതോടെ താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് മധു ഇന്നു മാധ്യമങ്ങളോടു പറഞ്ഞു.
Read also: വയനാട്ടിലെ ജനം നിരാശയിലാണ്; പക്ഷേ, കലാപത്തിലേക്ക് കടക്കരുത്: ഗവർണർ
‘‘ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ..പിടിക്കെടാ അവരെ... തല്ലെടാ... എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായത്. അതിനുശേഷമാണ് സംഘര്‍ഷവും കല്ലേറും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരില്‍ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ല’’– കെ.പി.മധു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാൽ പിന്നീട് ഇക്കാര്യം മധു ഇന്നു നിഷേധിച്ചു. ഇങ്ങനെയൊരു വാർത്ത പരക്കുന്നുണ്ടെന്നും എങ്ങനെയാണെന്ന് അറിയില്ലെന്നുമായിരുന്നു മധു ബത്തേരിയിൽ മാധ്യമങ്ങളോടു പറഞ്ഞത്. ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ സർക്കാരും പൊലീസും മനഃപൂർവം ശ്രമിക്കുന്നതായും മധു പറഞ്ഞു.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപള്ളിയിൽ ശനിയാഴ്ച നടത്തിയ ജനകീയ പ്രതിഷേധത്തിന്റെ പേരിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽപള്ളി സ്വദേശി വാസു, കുറിച്ചിപ്പറ്റ സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. അക്രമസംഭവങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത 5 കേസുകളിലായി നൂറോളം പേർ പ്രതികളാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വനംവകുപ്പിന്റെ ജീപ്പ് നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനും പൊലീസ് വാഹനം തടഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോളിന്റെ മൃതദേഹം തടഞ്ഞുവച്ചതിനും ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതിനും മറ്റുമാണ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി സിസിടിവിയും ചാനൽ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വനംവകുപ്പിന്റെ ജീപ്പിന് 98,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.