നാട്ടിലിറങ്ങി കാട്ടുപന്നികൾ; നാദാപുരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 8 എണ്ണത്തെ വെടിവച്ചു കൊന്നു
Mail This Article
നാദാപുരം∙ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് മുൻകയ്യെടുത്ത് 8 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. നാദാപുരത്താണ് സംഭവം. കിഫയുടെ വെടിവയ്പു സംഘത്തെ എത്തിച്ചാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. വൻ കൃഷി നാശം ഉണ്ടാക്കിയിരുന്ന പന്നിക്കൂട്ടം വാഹനങ്ങൾക്കു മുൻപിൽ ചാടി അപകടം സൃഷ്ടിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത് മുൻകൈ എടുത്ത് കാട്ടുപന്നികളെ കൊന്നത്.
പഞ്ചായത്തിലെ 22–ാം വാർഡിൽ മൊദാക്കര പള്ളിക്കാട്ടിൽ തമ്പടിച്ച കാട്ടുപന്നികളെയാണ്, പരിശീലനം നേടിയ പട്ടികളുമായെത്തിയ സംഘം വെടിവച്ചു കൊന്നത്. പന്നികളുടെ ജഡം പള്ളി വക സ്ഥലത്തു കുഴിച്ചു മൂടാനുള്ള നീക്കം പള്ളി കമ്മിറ്റി ഭാരവാഹികളുടെ എതിർപ്പു കാരണം നടന്നില്ല. ഒടുവിൽ ഇവയെ കുഴിച്ചുമൂടുന്നതിനു വെടിവയ്ക്കാൻ എത്തിയ സംഘത്തെതന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
കൃഷിയിടങ്ങളിലും വീടുകളിലും തലവേദന സൃഷ്ടിച്ചതോടെയാണ് പന്നിക്കൂട്ടത്തെ തുരത്താനുള്ള ദൗത്യത്തിനു പഞ്ചായത്ത് മുൻകയ്യെടുത്തതെന്ന് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു. നിരവധി വാഹനങ്ങൾ പന്നിക്കൂട്ടം മറിച്ചിടുകയും വീടുകളിലും കൃഷിയിടങ്ങളിലും നഷ്ടമുണ്ടാക്കുകയും ചെയ്തു. സംസ്ഥാന പാത വഴി രാത്രിയെത്തുന്ന വാഹനങ്ങൾക്കു മുൻപിൽ ഇവയുടെ പരാക്രമം കാരണം പലർക്കും പരുക്കേറ്റതായും പ്രസിഡന്റ് പറഞ്ഞു.