ജമ്മു കശ്മീരിന്റെ വികസനത്തിനു തടസമായിരുന്നത് ആർട്ടിക്കിൾ 370; ബിജെപിക്ക് 370 സീറ്റുകൾ നൽകി സഹായിക്കണമെന്നു മോദി
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിന്റെ വികസനത്തിനു പ്രധാന തടസം ആർട്ടിക്കിൾ 370 ആയിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ 32,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതു വർഷത്തെ ജമ്മു കശ്മീർ ജനതയുടെ സ്വപ്നങ്ങൾ വരുംവർഷങ്ങളിൽ മോദിയിലൂടെ നിറവേറ്റപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ബോംബുകൾ, തട്ടിക്കൊണ്ടുപോകൽ, വിഭജനം തുടങ്ങിയ വാർത്തകൾ മാത്രമാണ് ഒരുകാലത്തു ജമ്മു കശ്മീരിൽനിന്നു കേട്ടിരുന്നത്. എന്നാൽ ജമ്മു കശ്മീർ ഇന്നു വികസനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു.
‘‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ, തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും നേടാൻ സഹായിക്കണമെന്നു ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. ആർട്ടിക്കിൾ 370നെ കുറിച്ചുള്ള ഒരു സിനിമ ഈ ആഴ്ച റിലീസ് ചെയ്യാൻ പോകുന്നുവെന്നു ഞാൻ കേട്ടു. ശരിയായ വിവരങ്ങൾ ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനാൽ അതൊരു നല്ല കാര്യമാണ്. എനിക്കു നിങ്ങളിൽ പൂർണവിശ്വാസമുണ്ട്. വികസിത് ഭാരത്, വികസിത് ജമ്മു എന്ന സ്വപ്നത്തിലേക്കു നമുക്ക് ഒരുമിച്ചു നീങ്ങാം’’– പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ജമ്മു കശ്മീർ സന്ദർശനമായിരുന്നു ഇന്നത്തേത്. ഇതിനുമുൻപ് 2022 ഏപ്രിലിലായിരുന്നു സന്ദർശനം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ ഉതകുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ജമ്മുവിൽ എത്തുകയാണെന്നു പ്രധാനമന്ത്രി ഇന്നലെ എക്സിൽ കുറിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി മോദി സംവദിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, റെയിൽ, പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളിലെ വിവിധ പദ്ധതികൾക്കാണ് അദ്ദേഹം ഇന്നു തറക്കല്ലിട്ടത്. 1,500 പേർക്കു സർക്കാർ ജോലി നൽകി കൊണ്ടുള്ള ഉത്തരവും കൈമാറി.