ADVERTISEMENT

മുംബൈ∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാഠാ വിഭാഗക്കാർക്ക് പത്തു ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മേശപ്പുറത്തുവച്ച ബില്ലിനെ എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ഒഴികെയുള്ള മുഴുവൻ പേരും പിന്തുണച്ചു. ബില്ലിന് ലെജിസ്‌ലേറ്റിവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.

Read Also: ഷിൻഡെയുടെ ഉറക്കം കെടുത്തുന്ന 'ഗ്രാമീണൻ'; മുഖ്യമന്ത്രിക്കസേര തെറിപ്പിക്കുമോ ജരാംഗേ? മറാഠാ പ്രക്ഷോഭം ആളിക്കത്തിക്കുന്നതാര്?

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഈ മാസം 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ‌ പാസാക്കിയത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാഠകൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജോലികളിൽ മറാഠാ വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരിൽ 94% പേരും മറാഠാ വിഭാഗക്കാരാണ്. നിലവിൽ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾക്കായി 52% സംവരണമാണുള്ളത്. മറാഠ വിഭാഗക്കാരെ ഒബിസിയിൽ ഉൾപ്പെടുത്തുന്നത് നീതിയുക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. 

നേരത്തേ, മറാഠാ സംവരണത്തിനായി സമരം നടത്തുന്ന മനോജ് ജരാംഗേ പാട്ടിലിന് ബിൽ പരിഗണിക്കാനായി പ്രത്യേക സമ്മേളനം ചേരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ജരാംഗേ പാട്ടിലിന്റെ അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നിരുന്നു. എന്നാൽ പത്തു ശതമാനം സംവരണമെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും ജരാംഗേ പാട്ടില്‍ പ്രതികരിച്ചു. കൂടുതൽ സംവരണം വേണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

Maratha reservation bill for 10% quota cleared by Maharashtra Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com