ADVERTISEMENT

തിരുവനന്തപുരം ∙ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ 19 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയ സ്ഥലത്തു മൂന്ന് യുവാക്കളെ കണ്ടിരുന്നതായി പരിസരവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ. ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രിയാണു രണ്ടു വയസ്സുകാരിെയ കാണാതായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റർ അകലെയുള്ള ഓടയിലാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15–16 വയസ്സു തോന്നിക്കുന്ന മൂന്നു ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതായി ചാക്ക സ്വദേശിയായ വീട്ടമ്മ പറയുന്നു. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികൾ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പേട്ടയിലേക്ക് പോകുകയായിരുന്നു വീട്ടമ്മ. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളർത്തിയവരാണെന്നും വീട്ടമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുൻപ് പരിസരം നിരീക്ഷിക്കാനായി അയച്ചവരാകാം ഇവരെന്ന സംശയവും വീട്ടമ്മ പങ്കുവച്ചു.

Read more at:  കുട്ടിയെ കൊണ്ടുവന്ന് കിടത്തിയതാണെന്ന് സൂചന; കണ്ടെത്തിയത് രാവിലെ മുതൽ അരിച്ചുപെറുക്കിയ സ്ഥലത്തുനിന്ന്...

തേൻ വിൽപ്പനയ്ക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നഗരമധ്യത്തിൽ, തന്ത്രപ്രധാന മേഖലയിൽ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണങ്ങൾ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതിൽ വിമർശനമുയർന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

ഞായറാഴ്ച 12 മണിക്കുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്റെ മൊഴിയുണ്ട്. സിസിടിവിയിൽ ഇത്തരമൊരു സ്കൂട്ടറിന്റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്. മുന്നിൽ ചാക്ക–ശംഖുമുഖം റോഡാണ്. പിന്നിൽ കുറ്റിക്കാടുകളും ചതുപ്പും റെയിൽവേ ട്രാക്കുമുണ്ട്. ഈ ഭാഗങ്ങളിലേക്ക് വരാൻ ചെറിയ വഴിയുണ്ട്. കുട്ടിയെ തട്ടിയെടുത്തവർക്ക് സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടെങ്കിൽ പ്രധാന റോഡിലേക്ക് വരാതെ ഇടവഴികളിലൂടെ പോയിരിക്കാനാണു സാധ്യത. പിടിക്കപ്പെടുമെന്നായപ്പോൾ കുട്ടിയെ ഉപേക്ഷിച്ചിരിക്കാം.

തിങ്കളാഴ്ച രാവിലെ ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സന്ധ്യ കഴിഞ്ഞശേഷം ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതകൾക്ക് ഇത് ബലമേകുന്നു. കാടുള്ള ഭാഗത്തേക്കു കുട്ടി സ്വയം പോകാനുള്ള സാധ്യതയാണ് മറ്റൊന്ന്. ഈ ഭാഗങ്ങളിലൊക്കെ കുടുംബം സ്ഥിരമായി പോകാറുള്ളതാണ്. ആ പരിചയത്തിൽ കുട്ടി പോയിരിക്കാനാണു സാധ്യത. ഈ വാദം പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ, സ്ഥിരീകരിക്കാൻ മാർഗവുമില്ല. കുട്ടിയോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പരിമിതികളുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

English Summary:

Three young men were seen at the place where the missing girl was found after a 19-hour-long search at Thiruvananthapuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com