ഉത്തർപ്രദേശിൽ സീറ്റു വിഭജനം പൂർത്തിയാക്കി ഇന്ത്യ മുന്നണി; കോൺഗ്രസിന് 17 സീറ്റ്: പ്രിയങ്ക മത്സരിച്ചേക്കും
Mail This Article
ലക്നൗ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശിലെ സീറ്റുവിഭജനം പൂർത്തിയാക്കി പ്രതിപക്ഷ ഇന്ത്യ മുന്നണി. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിൽ 17 ഇടത്ത് കോൺഗ്രസ് മത്സരിക്കും. റായ്ബറേലി, അമേഠി, വാരാണസി മണ്ഡലങ്ങൾ ഉൾപ്പെടെയുള്ളവയാണു സമാജ്‍വാദി പാർട്ടി (എസ്‍പി) കോൺഗ്രസിനു നൽകിയത്. ബാക്കി 63 മണ്ഡലങ്ങളിൽ എസ്‌പിയും സഖ്യകക്ഷികളും മത്സരിക്കും.
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യ മുന്നണി സീറ്റുവിഭജനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. കോൺഗ്രസുമായി സഖ്യമായി മത്സരിക്കുമെന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
ചർച്ചകൾ നന്നായി അവസാനിക്കുമെന്നും ഒരു സംഘർഷവുമില്ലെന്നും അഖിലേഷ് വ്യക്തമാക്കിയതിനു പിന്നാലെയാണ് സീറ്റുധാരണ പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു റായ്ബറേലിയിൽനിന്നു സോണിയ ഗാന്ധി മാത്രമാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. അമേഠിയിൽ മത്സരിച്ച രാഹുൽ ഗാന്ധിയടക്കം പരാജയപ്പെട്ടു. ഇത്തവണ സോണിയ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്ന് സൂചനയുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചത് പ്രിയങ്കാ ഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ശക്തനായ സ്ഥാനാർഥിയെ കോൺഗ്രസിനു കണ്ടെത്തേണ്ടിവരും.
ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാവായിരുന്ന നിതീഷ് കുമാർ അടുത്തിടെയാണ് മുന്നണിവിട്ട് എൻഡിഎയിൽ ചേക്കേറിയത്. ഉത്തർപ്രദേശിൽനിന്നുള്ള രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും സഖ്യം വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലും കൂടുതൽ വിള്ളലുകളില്ലാതെ മുന്നോട്ടുപോകാൻ സീറ്റുവിഭജനം ഇന്ത്യ മുന്നണിയെ സഹായിക്കുമെന്നാണു വിലയിരുത്തൽ.