ജനപ്രിയ റേഡിയോ അനൗൺസർ അമീൻ സയാനി അന്തരിച്ചു
Mail This Article
മുംബൈ∙ ഇന്ത്യയിലെ ജനപ്രിയ റേഡിയോ അനൗണ്‍സറായിരുന്ന അമീൻ സയാനി (91) അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. മകൻ: രജിൽ സയാനി
ബിനാക്ക ഗീത്‍മാല എന്ന റേഡിയോ പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. 1951 മുതൽ അമ്പതിനായിരത്തോളം റേഡിയോ പ്രോഗ്രാമുകളും 19,000 ജിംഗിളുകളും നിർമിക്കുകയും ചെയ്തു. സഹോദരൻ ഹമീദ് സയാനി വഴിയാണ് അമീൻ ബോംബെ ആകാശവാണിയിലെത്തുന്നത്. പിന്നീട് ആകാശവാണിയുടെ മുഖമായി അമീൻ സയാനി മാറി. ഇന്ത്യയിൽ ആകാശവാണി ജനകീയമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.
ലളിതമായ സംസാരത്തിലൂടെയാണ് അദ്ദേഹം ശ്രോതാക്കളുടെ മനംകവർന്നത്. വിദേശത്തുള്ള റേഡിയോ സ്റ്റേഷനുകൾക്കു വേണ്ടിയും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.