‘ഉച്ചഭക്ഷണം എസ്‌സി, എസ്ടി നേതാക്കളും ഒന്നിച്ച്’: സുരേന്ദ്രന്റെ കേരള പദയാത്രാ പോസ്റ്റർ വിവാദത്തിൽ– വിഡിയോ
Mail This Article
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ‘കേരള പദയാത്ര’യുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം. കോഴിക്കോട്ടെ പരിപാടിയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പോസ്റ്ററിൽ, ഉച്ചഭക്ഷണം എസ്‌സി, എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് എഴുതിയതാണു വിവാദമായത്. ബിജെപിയുടെ സവർണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണു വിമർശനം.
‘എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര’ എന്ന പേരിലാണ് പോസ്റ്റർ. ഇതിൽ, ഫെബ്രുവരി 20ന് കോഴിക്കോട്ടെ പരിപാടികളെക്കുറിച്ചു പ്രതിപാദിക്കുമ്പോഴാണ്, ഒരു മണിക്ക് ഉച്ചഭക്ഷണം എന്നുള്ള അറിയിപ്പിനൊപ്പമാണു ബ്രായ്‌ക്കറ്റിൽ ‘എസ്‌സി ആൻഡ് എസ്ടി നേതാക്കളും ഒന്നിച്ച്’ എന്ന് പ്രത്യേകം എഴുതിയത്.
ഇതിനിടെ, ബിജെപി ദലിത് വിഭാഗങ്ങളെ അപമാനിച്ചുവെന്ന ആരോപണവുമായി കെ.മുരളീധരൻ എംപിയും രംഗത്തെത്തി. ‘‘ആരുമായിട്ടും കാണാം, സംസാരിക്കാം, ഭക്ഷണം കഴിക്കാം. അതിലൊന്നും തെറ്റില്ല. പക്ഷേ, എസ്‌സി – എസ്ടി എന്നൊക്കെ പ്രത്യേകിച്ചു പറഞ്ഞ് അങ്ങനെ ചെയ്യുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. നേരേമറിച്ച്, അവരുടെ പരാതികൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, ഇന്ന ആളുകൾക്കൊപ്പം ഞങ്ങൾ ഭക്ഷണം കഴിക്കുന്നു എന്നൊക്കെ ഒരു നോട്ടിസിൽ എഴുതുന്നത് വളരെ മോശപ്പെട്ട ഏർപ്പാടാണ്. അങ്ങനെയൊരു സംസ്കാരം ശരിയല്ല’’ – മുരളീധരൻ പറഞ്ഞു.
അതേസമയം, എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് ജാഥ ബഹിഷ്കരിച്ചു. ബിഡിജെഎസിന് ജാഥയിൽ അർഹമായ സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.