തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രന്റെ പേരുമാത്രം; സിപിഐ സ്ഥാനാർഥികളിൽ ധാരണയായി
Mail This Article
തിരുവനന്തപുരം∙ സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് നേതൃതലത്തിൽ ഏകദേശ ധാരണയായി. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കാനാണ് ധാരണയെന്ന് സിപിഐ നേതാക്കൾ പറയുന്നു. ജില്ലാ കമ്മിറ്റിക്കും പന്ന്യൻ മത്സരിക്കുന്നതിനോടാണു താൽപര്യം. മത്സരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യന്‍. മുതിർന്ന നേതാക്കൾ സംസാരിച്ചതോടെ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നു നേതാക്കൾ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്കായി സിപിഐ എക്സിക്യൂട്ടീവ് നാളെ ചേരും. പിറ്റേദിവസം ജില്ലാ കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും.
മാവേലിക്കരയിൽ യുവനേതാവ് സി.എ.അരുൺകുമാറിനും തൃശൂരിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനുമാണ് ജില്ലയിൽനിന്നുള്ള പിന്തുണ. സംസ്ഥാന സമിതിയിൽ മറിച്ചൊരു തീരുമാനത്തിനു സാധ്യതയില്ല. വയനാട്ടിൽ മാത്രമാണ് ചർച്ചകൾ തുടരുന്നത്. ആനി രാജയുടെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്ക് ആനിരാജ മത്സരിക്കുന്നതിനോട് താൽപര്യമില്ല. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പല വിഷയങ്ങളിലും ആനിരാജയുടെ പ്രതികരണത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിനോയ് വിശ്വം സെക്രട്ടറിയായതോടെ പാർട്ടിലുണ്ടായ മാറ്റങ്ങൾ സീറ്റ് ചർച്ചകളിലും പ്രതിഫലിക്കും.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുന്നിലുള്ളത് പന്ന്യൻ രവീന്ദ്രന്റെ പേരുമാത്രമാണെന്ന് ജില്ലയിൽനിന്നുള്ള മുതിർന്ന നേതാവ് ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. പുതിയ ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ പേര് ചർച്ചയിലേക്ക് വന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം പാർട്ടിക്കും തലവേദനയാണ്. കഴിഞ്ഞ തവണ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മുൻ മന്ത്രി സി.ദിവാകരനെ മത്സരിപ്പിച്ചത്. ദിവാകരൻ മൂന്നാം സ്ഥാനത്തായി. 2014ൽ ഇടതു സ്വതന്ത്രനായി ബെനറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ബെനറ്റിന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ വിവാദങ്ങളുണ്ടായി. കോഴ വാങ്ങിയാണ് സീറ്റ് നൽകിയതെന്ന ആരോപണത്തെ തുടർന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആർ.രാമചന്ദ്രൻനായർ, വെഞ്ഞാറമൂട് ശശി എന്നിവർ പാർട്ടിയിൽനിന്നു പുറത്തായി. സി.ദിവാകരനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങി.
2009 മുതൽ കൈവിട്ടുപോയ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 2009ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാമചന്ദ്രൻനായർ രണ്ടാം സ്ഥാനത്തായി. പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തിയിരുന്നു.