കർണാടകയിൽ ഹുക്ക നിരോധിച്ചു; 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വിൽക്കരുത്
Mail This Article
ബെംഗളൂരു∙ സംസ്ഥാനത്തു ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി കർണാടക നിയമസഭ ബിൽ പാസാക്കി. 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു. കരൾ സംബന്ധമായ രോഗങ്ങളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണു ഇത്തരമൊരു ബിൽ പാസാക്കിയതെന്നു കർണാടക സർക്കാർ അവകാശപ്പെട്ടു.
ഹുക്ക പാർലറുകൾ നടത്തുന്നവർക്കും വിൽക്കുന്നവർക്കും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്കൂളുകളുടെയും കോളേജുകളുടെയും നൂറു മീറ്റർ പരിധിയിൽ സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹൂക്ക സംസ്ഥാനമൊട്ടാകെ നിരോധിക്കുമെന്നു ഫെബ്രുവരി ഏഴിനു കർണാടകയിലെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ പ്രകാരം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ അഞ്ചിലൊന്നു പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കർണാടകയിൽ വർധിക്കുകയാണ്. 35-69 വയസ് പ്രായമുള്ള വ്യക്തികൾക്കിടയിലെ പുകയില സംബന്ധമായ അസുഖങ്ങൾ കാരണം കർണാടകയ്ക്ക് 983 കോടി രൂപയാണ് ചെലവായതെന്നും മന്ത്രി പറഞ്ഞു.