കേരളത്തിൽ ‘ഒരു തരി’ പോരാ, ചെങ്കനൽ വേണം; പ്രമുഖരെല്ലാം കളത്തിലേക്ക്, കച്ചമുറുക്കി സിപിഎം
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ചതിന്റെ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രമുഖ നേതാക്കളെ സിപിഎം രംഗത്തിറക്കുന്നത്. സംസ്ഥാന സമിതി അംഗീകരിച്ച സ്ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎൽഎമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണങ്ങൾ ഈ തിരഞ്ഞെടുപ്പിലും തുടരുന്നു. മത്സരരംഗത്തുള്ള ജില്ലാ സെക്രട്ടറിമാരിൽ എത്രപേർക്ക് സ്ഥാനം തിരികെ ലഭിക്കുമെന്നത് കാത്തിരുന്നുകാണണം. കേന്ദ്ര നേതൃത്വമാണു പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക.
ആലത്തൂരിൽ മത്സരത്തിനു മന്ത്രി കെ.രാധാകൃഷ്ണനു താൽപര്യമില്ലായിരുന്നെങ്കിലും പാർട്ടി നിർദേശം അംഗീകരിക്കുകയായിരുന്നു. ജില്ലാ നേതൃത്വം നിർദേശിച്ച ഒരേയൊരു പേരും രാധാകൃഷ്ണന്റേതാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരെ രംഗത്തിറക്കിയത് വാശിയേറിയ പോരാട്ടത്തിനാണ്. വർക്കല എംഎൽഎയാണു വി.ജോയ്. എം.മുകേഷും കെ.കെ.ശൈലജയുമാണു മത്സരിക്കുന്ന മറ്റു രണ്ട് എംഎൽഎമാർ. കെ.കെ.ശൈലജ, ടി.എം.തോമസ് ഐസക്, എളമരം കരീം, കെ.രാധാകൃഷ്ണൻ എന്നിവർ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്.
Read Also: ‘പകൽ എസ്എഫ്ഐയ്ക്കൊപ്പം, രാത്രിയിൽ പിഎഫ്ഐയ്ക്കു വേണ്ടി...’: സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ഗവർണർ...
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തവനൂർ, പൊന്നാനി, തൃത്താല, താനൂർ നിയമസഭാ മണ്ഡലങ്ങളിൽ ഭരണം സിപിഎമ്മിനാണ്. മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ രംഗത്തിറക്കി ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയാൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണു സിപിഎം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തിയതിനു പാർട്ടി ചുമതലയിൽനിന്നു മാറ്റുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത നേതാവാണു ഹംസ. ഹുസൈൻ രണ്ടത്താണിയെയും വി.അബ്ദുറഹിമാനെയും പൊന്നാനിയിൽ സ്വതന്ത്രരായി പരീക്ഷിച്ചശേഷമാണ് ഹംസയിലേക്കു സിപിഎം എത്തുന്നത്.
ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.ടി.ജലീൽ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ 2006ൽ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയശേഷം സിപിഎം മലപ്പുറം ജില്ലയിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിർന്നു. കോൺഗ്രസിൽനിന്നും ലീഗിൽനിന്നും വിട്ടുപോയവരെയാണ് സ്ഥാനാർഥികളാക്കിയത്. ഈ പരീക്ഷണത്തിൽ കൂടുതൽ നേട്ടമുണ്ടായത് നിയമസഭയിലേക്കാണ്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന വി.അബ്ദുറഹിമാൻ മത്സരിച്ചപ്പോഴാണു പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ലീഗിന്റെ ഭൂരിപക്ഷം 2014ലെ തിരഞ്ഞെടുപ്പിൽ കുത്തനെ കുറഞ്ഞത്. താനൂർ നിയമസഭാ സീറ്റ് സിപിഎം പിടിച്ചതും നിലവിൽ മന്ത്രിയായ വി.അബ്ദുറഹിമാനിലൂടെയാണ്. പഴയ മഞ്ചേരി ലോക്സഭാ മണ്ഡലം 2004ൽ ടി.കെ.ഹംസയിലൂടെ പിടിച്ചെടുത്ത ചരിത്രവും സിപിഎമ്മിനുണ്ട്.
എറണാകുളം ബാലികേറാമലയാണെന്ന സിപിഎം റിപ്പോർട്ടുകളിലെ വിമർശനം ശരിവയ്ക്കുന്നതായിരുന്നു സ്ഥാനാർഥി ചർച്ച. ഏറെ പേരുകൾക്കൊടുവിലാണു കെ.ജെ.ഷൈനിലേക്ക് എത്തുന്നത്. സി.രവീന്ദ്രനാഥും കെ.രാധാകൃഷ്ണനും മത്സരത്തിനില്ലെന്ന നിലപാടിലായിരുന്നു. ജില്ലാ കമ്മിറ്റികൾ ഇവർ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ വേറെ വഴിയില്ലെന്നായി. ആലത്തൂർ തിരിച്ചു പിടിക്കാൻ രാധാകൃഷ്ണനു കഴിയുമെന്ന ചിന്തയിലാണ് പാർട്ടി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു എം.വി.ജയരാജനെ പരിഗണിച്ചത്.
ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്നതിനോടു വ്യത്യസ്ത അഭിപ്രായങ്ങൾ നേതാക്കൾക്കിടയിലുണ്ട്. മത്സരിക്കുമ്പോൾ സെക്രട്ടറിയുടെ ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതാണു പതിവ്. മന്ത്രി വി.എൻ.വാസവൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണു ലോക്സഭയിലേക്കു കോട്ടയത്തുനിന്ന് മത്സരിച്ചത്. പരാജയപ്പെട്ടശേഷം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നു. പി.ജയരാജൻ വടകരയിൽ മത്സരിക്കാനായി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പരാജയപ്പെട്ടെങ്കിലും സെക്രട്ടറിയായി തിരിച്ചു വരാനായില്ല. ഏക സിറ്റിങ് എംപി എ.എം.ആരിഫിനെ ഒരു തവണകൂടി പരിഗണിച്ചു. പത്തനംതിട്ടയിൽ തോമസ് ഐസക്കാണ് അനുയോജ്യനെന്നാണു വിലയിരുത്തൽ. മലപ്പുറത്ത് വി.വസീഫിന് അവസരം നൽകി ഡിവൈഎഫ്ഐക്കും പരിഗണന നൽകി.