‘പകൽ എസ്എഫ്ഐയ്ക്കൊപ്പം, രാത്രിയിൽ പിഎഫ്ഐയ്ക്കു വേണ്ടി...’: സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ഗവർണർ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ ഇടതു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി വിജയൻ സർക്കാർ പകൽ എസ്എഫ്ഐയ്ക്കൊപ്പവും രാത്രിയിൽ പിഎഫ്ഐയ്ക്കു (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയുമാണ് പ്രവർത്തിക്കുതെന്നാണു ഗവർണറുടെ വിമർശനം. ദേശീയ മാധ്യമമായ എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണു സംസ്ഥാന സർക്കാരിനെതിരായ ആക്രമണം ഗവർണർ കടുപ്പിച്ചത്.
യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ നിരോധിച്ച പിഎഫ്ഐയുമായി കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനു ചങ്ങാത്തമുണ്ടെന്നും എസ്എഫ്ഐ വഴിയാണു ബന്ധമെന്നും ഗവർണർ ആരോപിച്ചു. ‘‘പകൽ സമയങ്ങളിൽ അവർ (കേരള സർക്കാർ) എസ്എഫ്ഐയുടെ ഒപ്പമാണ്. രാത്രിയിൽ പിഎഫ്ഐക്കു വേണ്ടി പണിയെടുക്കും. കേന്ദ്ര സർക്കാർ ഏജൻസികൾക്കും ഈ വിവരമറിയാം’’– ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Read Also: വടകരയിൽ ശൈലജ, പൊന്നാനിയിൽ കെ.എസ്. ഹംസ; കരുത്തരെ സ്ഥാനാർഥികളാക്കി സിപിഎം...
‘‘എനിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 15 എസ്എഫ്ഐ പ്രവർത്തകരിൽ പകുതിയോളം പേരും സജീവ പിഎഫ്ഐ വൊളന്റിയർമാരാണെന്നു സർക്കാർ ഏജൻസികൾക്ക് അറിയാം. ഇതു പുതിയ കാര്യമല്ല. നിയമസഭയിലും ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ജനങ്ങളും ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവർ ശരിക്കും വിദ്യാർഥികളാണോ എന്നതിൽ സംശയമുണ്ട്.’’– ഗവർണർ വ്യക്തമാക്കി.
സർക്കാരുമായി വിവിധ വിഷയങ്ങളിൽ കൊമ്പുകോർക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി ഗവർണർ രംഗത്തെത്തിയത്. കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചതിനെക്കുറിച്ചുള്ള മന്ത്രി ആർ.ബിന്ദുവിന്റെ ന്യായീകരണത്തെപ്പറ്റി ചോദിച്ചപ്പോൾ ‘ഞാൻ ക്രിമിനലുകളോടു പ്രതികരിക്കാൻ പോകുന്നില്ല’ എന്നാണു പറഞ്ഞത്. നേരത്തേ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ വാഹനത്തിൽ നിന്നിറങ്ങി നേരിട്ടപ്പോഴും ഗവർണർ അവർക്കെതിരെ ക്രിമിനൽ എന്ന പ്രയോഗം നടത്തിയിരുന്നു.