കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
Mail This Article
പാലക്കാട്∙ കൂമ്പാച്ചി മലയിൽ കുടുങ്ങി, ദൗത്യസംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത് സ്വദേശി റഷീദ(46), മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
Read also: ഇരിങ്ങാലക്കുടയിലെ ആനീസ് വധം: ‘കർട്ടന്റെ’ മറയത്തെ സത്യം; എവിടെയുമെത്താതെ അന്വേഷണം
2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കുറുമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണു മലയിടുക്കിൽ കുടുങ്ങിയത്. 43 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്.
കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണു ബാബുവിനെ തിരിച്ചിറക്കിയത്.