‘ഇന്ത്യ മുന്നണിയിൽ ചേരില്ല; പക്ഷേ...’: മക്കൾ നീതി മയ്യത്തിന്റെ നീക്കം വെളിപ്പെടുത്തി കമൽ
Mail This Article
ചെന്നൈ ∙ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ചേർന്നിട്ടില്ലെന്നു നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ. രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും സഹകരിക്കും. എംഎൻഎം പാർട്ടിയുടെ ഏഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ടി.പി. വധത്തിൽ കുറ്റക്കാരെന്നു വിധിച്ച 2 സിപിഎം നേതാക്കൾ കീഴടങ്ങി; ഒരാൾ വന്നത് ആംബുലൻസിൽ...
‘‘എംഎൻഎമ്മിന്റെ രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ‘നിസ്വാർഥമായി’ രാജ്യത്തെപ്പറ്റി ചിന്തിക്കുന്ന ഏതു സഖ്യത്തെയും പിന്തുണയ്ക്കും. എന്നാൽ, ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല’’– കമൽ പറഞ്ഞു. ഇന്ത്യ മുന്നണിയെപ്പറ്റിയുള്ള ചോദ്യത്തിന്, ‘കക്ഷി രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെപ്പറ്റി ചിന്തിക്കേണ്ട സമയമാണ്. അതിനൊപ്പം എംഎൻഎം ഉണ്ടാകും’ എന്നുമായിരുന്നു മറുപടി.
ഇതുവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടില്ലെന്നു പറഞ്ഞ കമൽ, നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. പാർട്ടിയുടെ ഭാവിപരിപാടിയെപ്പറ്റിയുള്ള ശുഭ വാർത്ത മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു. കമലിന്റെ മക്കൾ നീതി മയ്യം, കോൺഗ്രസുമായി ചേർന്നു ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.
പാർട്ടിക്കു സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകും എന്നായിരുന്നു സൂചന. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു വിലയിരുത്തൽ. കമൽ കൂടി കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു സീറ്റു കൂടി അധികമായി അനുവദിച്ചേക്കും. കോൺഗ്രസിനോടു തുടക്കംമുതലേ ആഭിമുഖ്യം കാട്ടുന്ന കമൽ, രാഹുൽ ഗാന്ധിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്.