ഐപിഎസ് ഓഫിസർക്കുനേരെ ഖലിസ്ഥാനി പരാമർശം: ആരോപണം നിഷേധിച്ച് ബംഗാൾ ബിജെപി
Mail This Article
കൊൽക്കത്ത∙ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സിഖ് ഐപിഎസ് ഓഫിസർ ജസ്പ്രീത് സിങ്ങിനുനേരെ ഖലിസ്ഥാനി പരാമർശം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി രംഗത്ത്. ബംഗാൾ പൊലീസും തൃണമൂൽ കോൺഗ്രസും ചേർന്ന് യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാൻ ആരോപണമുയർത്തുകയാണെന്ന് ബിജെപി ആക്ഷേപിച്ചു. തൃണമൂല്‍ നേതാവിനെതിരെ പ്രതിഷേധം നടക്കുന്ന സന്ദേശ്ഖലിയിലേക്കുള്ള യാത്രയ്ക്കിടെയാണു സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
Read Also: റെയിൽവേ ട്രാക്കിൽ പാറക്കല്ലും പശുവിന്റെ തലയോട്ടിയും; നാഗർകോവിലിൽ ട്രെയിൻ അട്ടിമറി
പ്രതിപക്ഷ നേതാവിനു സന്ദേശ്ഖലി സന്ദർശിക്കാൻ കൽക്കട്ട ഹൈക്കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലും പൊലീസ് അദ്ദേഹത്തെ തടയുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഐപിഎസ് ഓഫിസർ മുഖ്യമന്ത്രിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. പൊലീസ് ഓഫിസർ കോടതിയലക്ഷ്യമാണു നടത്തിയിരിക്കുന്നത്. മമത ബാനർജിയുടെ കൈകളിലെ രാഷ്ട്രീയ കരുവായി ബംഗാൾ പൊലീസ് മാറി. ഷാജഹാൻ ഷെയ്ഖ് ഒളിവിൽ പോയിട്ട് 50 ദിവസമായി. ഷാജഹാനെ അറസ്റ്റു ചെയ്യാനുള്ള നിർദേശം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയിട്ടുണ്ട്. പൊലീസിനു കഴിവുണ്ടെങ്കിൽ കുറ്റാരോപിതനായ തൃണമൂൽ നേതാവിനെ അറസ്റ്റു ചെയ്യണമെന്നും ബിജെപി പറഞ്ഞു.
ബിജെപി പ്രവർത്തകരും സിഖ് പൊലീസ് ഓഫിസറും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണു വിവാദമുയർന്നത്. വിഡിയോയിൽ ടർബൻ ധരിച്ചതിനാലാണോ തന്നെ ഖലിസ്ഥാനിയെന്ന് വിളിക്കുന്നതെന്ന് ഐപിഎസ് ഓഫിസർ ചോദിക്കുന്നുണ്ട്. മമതാ ബാനർജിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിഡിയോ പങ്കുവച്ചിരുന്നു. ബിജെപിയുടെ വർഗീയ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഇരുവരും ആരോപിച്ചു.
അതേസമയം, നോർത്ത് 24 പർഗാനാസിൽ സന്ദേശ്ഖലിയിലെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവായ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും അനുചരൻമാരും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. റേഷൻ കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനെത്തുടർന്ന് ഒന്നരമാസമായി ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖ് ബംഗ്ലദേശിലേക്കു കടന്നുവെന്നാണു സൂചന.
കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ നീണ്ട സംഘർഷത്തിനുശേഷം കോടതി ഉത്തരവിന്റെ പിൻബലത്തിൽ സുവേന്ദു അധികാരി സന്ദേശ്ഖലിയിലെത്തി. ഷാജഹാൻ ഷെയ്ഖും അനുയായികളും പീഡിപ്പിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പ്രതിപക്ഷ നേതാവ് കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖലി സന്ദർശിച്ചേക്കുമെന്നു സുവേന്ദു അധികാരി സൂചന നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സന്ദേശ്ഖലി മുഖ്യവിഷയമാക്കാൻ ബിജെപി തയാറെടുക്കുകയാണ്.