ആറ്റുകാൽ പൊങ്കാല: ബെംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഇന്നും 24നും
Mail This Article
ബെംഗളൂരു ∙ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഇന്നും 24നും സ്പെഷൽ ഫെയർ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നാളെയും 25നുമാണ് സർവീസ്. സ്പെഷൽ ഫെയർ ട്രെയിനായതിനാൽ 30% വരെ ടിക്കറ്റ് നിരക്ക് ഉയരും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ (06501) രാത്രി 11.55നു പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 7.10നു കൊച്ചുവേളിയിലെത്തും. കൊച്ചുവേളി–എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ (06502) രാത്രി 11നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4.30നു ബയ്യപ്പനഹള്ളിയിലെത്തും. വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്. 2 എസി ടുടയർ, 13 എസി ത്രീടയർ, 2 ജനറൽ കോച്ചുകളാണ് സർവീസിനുള്ളത്.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി ബാംഗ്ലൂർ കേരള സമാജവും കർണാടക നായർ സർവീസ് സൊസൈറ്റിയും (കെഎൻഎസ്എസ്) ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.