‘നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ?’: സീത, അക്ബര്‍ എന്നീ സിംഹപ്പേരുകളിൽ വിയോജിച്ച് കോടതി
Mail This Article
കൊല്‍ക്കത്ത ∙ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്കു സീത, അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു.
അക്ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സീതയെ ആരാധിക്കുന്നുണ്ടെന്നും സിംഹത്തിന് ടഗോര്‍ എന്നോ സ്വാമി വിവേകാനന്ദൻ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
‘‘നമ്മുടെ സംസ്ഥാനം പലതരത്തിലുള്ള വിവാദങ്ങൾ നേരിടുകയാണ്. അധ്യാപക നിയമനം മുതൽ മറ്റുള്ളത് വരെ. വിവേകത്തോടെയുള്ള തീരുമാനം എടുക്കുക, വിവാദങ്ങൾ ഒഴിവാക്കുക. ഈ രണ്ടു മൃഗങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകുക.’’– കോടതി പറഞ്ഞു. ബംഗാളിനു വേണ്ടി ഹാജരായ എഎജിയോട്, താങ്കളുടെ വളർത്തുനായ്‌കൾക്ക് ഇത്തരത്തിൽ പേരിടുമോ എന്നു കോടതി ചോദിച്ചു. അങ്ങനെയിട്ടാൽ അടുത്ത ദിവസം മാധ്യമങ്ങളിൽ അതു വാർത്തയാകുമെന്നും കോടതി പറഞ്ഞു.
‘അക്ബര്‍’ എന്ന ആണ്‍ സിംഹത്തെയും ‘സീത’ എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വിഎച്ച്പിയുടെ പരാതി റിട്ട്. ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയായി മാറ്റാനും കോടതി നിര്‍ദേശിച്ചു. പേര് സംബന്ധിച്ച് വിവാദം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണു വിഎച്ച്പിയുടെ വാദം. പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. ഈ മാസം 13ന് ആണ് ഇണ ചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം.