നാളെ കരിദിനം, മാർച്ച് 14നു ഡൽഹിയിൽ മഹാപഞ്ചായത്ത്; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
Mail This Article
ന്യൂഡൽഹി∙ ദില്ലോ ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. വെള്ളിയാഴ്ച രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തുടങ്ങിയവരുടെ കോലങ്ങൾ വിവിധ കേന്ദ്രങ്ങളിൽ കത്തിക്കും. ഫെബ്രുവരി 26നു ഹൈവേകളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തും. ഡൽഹി രാംലീല മൈതാനിയിൽ മാർച്ച് 14നു ഓൾ ഇന്ത്യാ കിസാൻ മസ്ദൂർ പഞ്ചായത്തും സംഘടിപ്പിക്കും. ഒരുലക്ഷം പേർ കിസാൻ മസ്ദൂർ പഞ്ചായത്തിൽ പങ്കെടുക്കുമെന്നാണു നേതാക്കളുടെ അവകാശവാദം.
ഇന്നലെയാണ് ശുഭ്കരണ്‍ സിങ് എന്ന യുവകർഷകൻ (21) ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബാരിക്കേഡുകൾ മാറ്റാൻ ശ്രമിച്ച കർഷകരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ശംഭു, ഖനൗരി അതിർത്തികളിൽ സ്ഥിതി സംഘർഷഭരിതമായത്. മാർച്ച് അടുത്ത രണ്ടു ദിവസത്തേക്ക് നിർത്തിവച്ചതായും ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനു തലവേദനയായി മാറുകയാണ് കർഷക സമരം.