‘ആന്ധ്രയിൽ ജഗൻ നടപ്പാക്കുന്നത് ഏകാധിപത്യം’: സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈ.എസ്.ശർമിള അറസ്റ്റിൽ
Mail This Article
അമരാവതി∙ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്‌ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശർമിള. ആന്ധ്രയിൽ ജഗൻ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശർമിള കുറ്റപ്പെടുത്തി. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു ശർമിളയുടെ ആരോപണം. മാർച്ചിനെ തുടർന്ന് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
Read More: പ്രധാനമന്ത്രി ബംഗാളിലേക്ക്; സന്ദേശ്ഖലിയിൽ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളെ കാണും
‘‘തൊഴിലില്ലായ്‌മയാണ് ആന്ധ്ര നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ തൊഴിലില്ലായ്‌മയെ തുടർന്ന് 21,000 പേർ ആത്മഹത്യ ചെയ്തതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇതു സർക്കാരിന്റെ പരാജയമല്ലേ? യുവാക്കളുടെ മരണത്തിന് ആരാണ് ഉത്തരവാദി?. നിലവിലത്തെ സർക്കാരാണ് ഇവരുടെ മരണങ്ങൾക്ക് ഉത്തരവാദി. ഈ സർക്കാർ അധികാരത്തിലെത്തുന്നതിനു മുൻപ് 2.30 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നാണു പ്രഖ്യാപിച്ചത്. എന്നാലിതു നടപ്പായില്ല. കുംഭകർണനെ പോലെ കഴിഞ്ഞ അഞ്ചു കൊല്ലവും ജഗൻ ഉറങ്ങുകയായിരുന്നു’’– ശർമിള പറഞ്ഞു. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംസാരിക്കുകയായിരുന്നു ശർമിള. ആന്ധ്രയിലെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടിയായിരുന്നു ചലോ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.