ADVERTISEMENT

പാലക്കാട്∙ മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങി, ദൗത്യ സംഘം രക്ഷപ്പെടുത്തിയ ബാബുവിന്റെ മാതാവിന്റെയും സഹോദരന്റെയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബന്ധുക്കൾ. ബാബുവും സഹോദരനു ‌തമ്മിൽ നിരന്തരം കലഹത്തിൽ ഏർപ്പെട്ടിരുന്നെന്നും കൂമ്പാച്ചി മലയിൽനിന്ന് രക്ഷപ്പെട്ട് എത്തിയ ശേഷം ബാബുവിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ബാബുവിന്റെ മാതാവ് റഷീദ (46), സഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്. 

Read more: അമ്മയും സഹോദരനും മരിച്ചത് ബാബു ജീവിതത്തിലേക്ക് മടങ്ങിവന്ന രണ്ടാം വാർഷികത്തിൽ; ആത്മഹത്യയെന്ന് പൊലീസ്

‘സഹോദരങ്ങൾ തമ്മിൽ വഴക്കും കാര്യങ്ങളുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ എന്തോ നടന്നിട്ടുണ്ട്. ഇടയ്ക്ക് എന്നെ സഹോദരി വിളിച്ചിരുന്നു. ഇനി ഞാൻ ഉണ്ടാകില്ല എന്നു പറഞ്ഞായിരുന്നു പോയത്. പിന്നീടാണ് ഇങ്ങനെ ട്രാക്കിൽ മരിച്ചു കിടക്കുന്നതായി അറിയുന്നത്.’– ബാബുവിന്റെ മാതാവ് റഷീദയുടെ സഹോദരൻ പറഞ്ഞു. 

ബാബുവിന്റെ മലകയറ്റത്തിനു ശേഷം കുടുംബത്തിന് വലിയ സമ്മര്‍ദമുണ്ടായിരുന്നു. അടുത്തിടെ സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതാണ്.  മലയിൽനിന്ന് രക്ഷപ്പെടുത്തിയ ശേഷം ബാബുവിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നു. പല തവണ ബാബു ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ വാടകവീടിന്റെ മുകൾ നിലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. കൈ മുറിച്ചു മുറിയ്ക്കകത്തു കയറി ഇരുന്ന ബാബുവിനെ അഗ്നിരക്ഷാ സേനയും പൊലീസും മറ്റും എത്തിയാണ് രക്ഷിച്ചത്. 

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് റഷീദയേയും ഷാജിയേയും കടുക്കാംകുന്നത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. സാമ്പത്തിക പ്രശ്നങ്ങളും ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്ന് പൊലീസ് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പൊലീസിനു മൊഴി നൽകി. ആറു മാസമായി ബാബു ജോലിക്കു പോയിരുന്നില്ല.

2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കൂമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണു മലയിടുക്കിൽ കുടുങ്ങിയത്. 43 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ മലയടിവാരത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം ശ്രദ്ധ നേടിയിരുന്നു. ബാബു ജീവിതത്തിലേക്കു മടങ്ങിവന്ന രണ്ടാം വാർഷികത്തിലാണു മാതാവിന്റെയും സഹോദരന്റെയും മരണം.

English Summary:

Rasheeda's relative about the issues behind her and son's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com