എടവണ്ണപ്പാറയില്‍ 17കാരിയുടെ മരണം: മൃതദേഹം കിടന്നതിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി
Mail This Article
മലപ്പുറം∙ എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽ വിദഗ്‌ധർ നടത്തിയ തിരച്ചിലിൽ ചുരിദാർ ടോപ്പും ഷാളുമാണ് കണ്ടെത്തിയത്. മൃതദേഹം കിടന്നതിനു സമീപത്തായാണു വസ്ത്രങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിലായിരുന്നു. ഊർക്കടവ് സ്വദേശി വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരമാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്കു പരാതി അയച്ചിരുന്നു. ഇതു കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.
ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരിൽ ചിലരും പറയുന്നത്.