‘കർഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധം’: കരിമ്പിന്റെ താങ്ങുവില കൂട്ടിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി ∙ ‘ദില്ലി ചലോ’ മാർച്ചുമായി കർഷക സമരം തുടരുന്നതിനിടെ കർഷകർക്ക് അനുകൂല പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കരിമ്പിന്റെ താങ്ങുവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രശംസിച്ചുകൊണ്ടായിരുന്നു പരാമർശം.
Read Also: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം...
‘‘രാജ്യത്തെ കർഷകരായ സഹോദരീസഹോദരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടു തീരുമാനങ്ങളെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ പശ്ചാത്തലത്തിലാണു കരിമ്പിന്റെ താങ്ങുവില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിൽ വർധിപ്പിച്ചത്. കോടിക്കണക്കിനു കരിമ്പു കർഷകർക്ക് ഗുണകരമാകുന്ന നടപടിയാണിത്’’– മോദി പറഞ്ഞു.
2024-25 സീസണില്‍ കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന നിരക്കില്‍ ന്യായവും ലാഭകരവുമായ വില (എഫ്ആര്‍പി) നിശ്ചയിക്കാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കിയിരുന്നു. 2023-24 സീസണിലെ കരിമ്പിന്റെ എഫ്ആര്‍പിയേക്കാള്‍ 8% കൂടുതലാണ് ഈ വിലയെന്നു കേന്ദ്ര സർക്കാർ പറഞ്ഞു.